കൊച്ചി: സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ റസിഡന്റ്‌സ് അസോസിയേഷനുകള്‍ക്ക് പ്രത്യേക പങ്കു വഹിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നത് നിയമപരമായിത്തന്നെ വ്യവസ്ഥ ചെയ്യപ്പെടുന്ന ഒരു ഘട്ടത്തിലാണ് ആധുനിക സമൂഹം. ഇത് നമ്മുടെ സമൂഹത്തില്‍ വ്യാപകമായി ഉണ്ടായാല്‍ ഇന്നുള്ള പല സാമൂഹിക പ്രശ്‌നങ്ങളും അവസാനിപ്പിക്കാന്‍ സാധിക്കും. കുട്ടികള്‍ വഴിതെറ്റിപ്പോകുന്നത്, അവര്‍ ലഹരിക്ക് അടിമയാകുന്നത്, ചെറുപ്പക്കാര്‍ ലഹരിയുടെ കാരിയര്‍മാരായി തീരുന്നത്, പെണ്‍കുഞ്ഞുങ്ങള്‍ ഉപദ്രവിക്കപ്പെടുന്നത് തുടങ്ങിയവയൊക്കെ വലിയൊരളവില്‍ ഒഴിവാക്കുന്നതിനു വേണ്ടി ഇടപെടാന്‍ റസിഡന്റ്‌സ് അസോസിയേഷനുകള്‍ക്കു കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. റസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികളുമായി എറണാകുളത്ത് നടത്തിയ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹികജീവിതം അര്‍ഥവത്താകുന്നത് ഇത്തരം സംഘടനകള്‍ ഉണ്ടാകുമ്പോഴാണ്. ഗ്രാമങ്ങളിലായാലും നഗരങ്ങളിലായാലും ഇരുണ്ട ഇടവഴികള്‍ ഉണ്ടാവുന്നില്ല എന്നുറപ്പുവരുത്താനും അവിടങ്ങളില്‍ അനാശാസ്യപരമായ കാര്യങ്ങള്‍ ഉണ്ടാകുന്നില്ല എന്നുറപ്പുവരുത്താനും അസോസിയേഷനുകളുടെ ജാഗ്രതാപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ക്കു സാധിക്കും. നമുക്ക് സാര്‍വത്രികവും സുദൃഢവുമായ ജനമൈത്രി പോലീസ് സംവിധാനം ഉള്ളത് എല്ലാവര്‍ക്കുമറിയുന്ന കാര്യമാണ്. അതേപോലെ ഒരു സിവില്‍ ഡിഫന്‍സ് സേനയുമുണ്ട്. ഇവയുമായൊക്കെ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ അസോസിയേഷനുകള്‍ക്കു കഴിയണം.
ചെറിയ കാര്യങ്ങള്‍ മുതല്‍ വലിയകാര്യങ്ങള്‍ വരെ ജനോപകാരപ്രദമാം വിധം നിറവേറ്റാന്‍ റസിഡന്റ്‌സ് അസോസിയേഷനുകളുടെ മുന്‍കൈയ്യോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു സാധിക്കും. അടിയന്തര രക്ഷാപ്രവര്‍ത്തനം വേണ്ട സന്ദര്‍ഭങ്ങളില്‍ റസിഡന്റ്‌സ് അസോസിയേഷനുകള്‍ക്കു നേതൃപരമായ പങ്കുവഹിക്കാന്‍ കഴിയും. നമുക്ക് വലിയൊരു സിവില്‍ ഡിഫന്‍സ് സേനയുണ്ട്. സിവില്‍ ഡിഫന്‍സ് ആക്ട് പ്രകാരം രൂപീകരിക്കപ്പെട്ട സേനയാണത്. അതിലെ പരിശീലനം കിട്ടിയ വ്യക്തികള്‍ വാര്‍ഡുതോറും തന്നെയുണ്ട്. അവരുടെ സഹായം അപകടസന്ദര്‍ഭങ്ങളില്‍ ആദ്യംതന്നെ തേടാവുന്നതാണ്.
നമ്മുടെ പൊലീസ് സേനയിലും അഗ്‌നിശമന സേനയിലും നര്‍ക്കോട്ടിക്‌സ് വിരുദ്ധ വിഭാഗത്തിലും എക്‌സൈസ് വകുപ്പിലുമൊക്കെ ബോധവല്‍കരണത്തിനായി നിയുക്തമായ സമിതികള്‍ ഉണ്ട്. എന്നാല്‍ വിവിധ പ്രദേശങ്ങളില്‍ അവയുമായൊക്കെ ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ ബോധവല്‍കരണം എല്ലായിടങ്ങളിലും എത്തുന്നില്ല. റസിഡന്റ്‌സ് അസോസിയേഷനുകള്‍ മനസ്സുവച്ചാല്‍ വാര്‍ഡുതോറും ഈ ബോധവല്‍കരണം നടത്താം. അങ്ങനെ നടത്താന്‍ കഴിഞ്ഞാല്‍ നമ്മുടെ സമൂഹത്തില്‍ വലിയ മാറ്റമുണ്ടാകും.
പൊലീസിന്റെ സഹായം തേടണമെന്ന് പറഞ്ഞതിന് സദാചാര പോലീസായി ആരെങ്കിലും ചമഞ്ഞിറങ്ങണമെന്നല്ല അര്‍ഥം. പൊലീസിന്റെയും മറ്റും പണി റസിഡന്റ്‌സ് അസോസിയേഷനുകള്‍ ഏറ്റെടുക്കണം എന്നുമല്ല ഇതിന്റെ അര്‍ഥം. പോലീസിനെ അവരുടെ കാര്യങ്ങള്‍ ചെയ്യാന്‍ സഹായിക്കുന്ന നിലപാട് ഉണ്ടാകണം എന്നുമാത്രമേ അര്‍ഥമാക്കിയിട്ടുള്ളു. അങ്ങനെ വന്നാല്‍ ഇന്നത്തെ ആശാസ്യമല്ലാത്ത പല കാര്യങ്ങളിലും വലിയ മാറ്റം വരുത്താന്‍ സാധിക്കും.
ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യമുണ്ട്. പല ജാതിയിലും പല മതങ്ങളിലും പെട്ടവര്‍ ഒരുമിച്ചാണ് അപ്പാര്‍ട്ട്‌മെന്റുകളിലും മറ്റും കഴിയുന്നത്. ജാതിമത ഭേദങ്ങള്‍ക്കതീതമായ മനസ്സുകളുടെ ഒരുമ കാത്തുസൂക്ഷിക്കാന്‍ നമുക്ക് കഴിയണം. ആപത്തു വരുമ്പോള്‍ തൊട്ട് അയല്‍പക്കത്തുള്ളവരാണ് സഹായിക്കാനുണ്ടാവുക എന്ന ബോധം എപ്പോഴും ഉണ്ടാവണം. അയലത്ത് ആരാണ് ഉള്ളത് എന്നതു പോലും അന്വേഷിക്കാതെ സ്വകാര്യതയുടെ ചിമിഴിലേക്ക് ഒതുങ്ങുന്നത് പലപ്പോഴും ആപത്ത് വരുത്തിവയ്ക്കും.
ഇതിനു പുറമേ പ്രാദേശികമായി ഏറ്റെടുക്കേണ്ട ഒട്ടനവധി കാര്യങ്ങള്‍ ഇപ്പോഴുമുണ്ട്. ഉദാഹരണത്തിന്, പല ജലാശയങ്ങളും നീര്‍ത്തടങ്ങളും ഇപ്പോഴും ഉപയോഗശൂന്യമായ അവസ്ഥയിലാണ്. അവയെക്കുറിച്ചെല്ലാം വ്യക്തമായ ധാരണ ഉള്ളവരാണ് നിങ്ങള്‍. അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സമയബന്ധിതമായി അധികാരികളുടെ ശ്രദ്ധയില്‍ പ്പെടുത്തുന്നതിനും അവയൊക്കെ സംരക്ഷിക്കുകയും നവീകരിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണമായി പങ്കാളികളാകുന്നതിനും റസിഡന്റ്‌സ് അസോസിയേഷനുകള്‍ക്ക് സാധിക്കണം മുഖ്യമന്ത്രി പറഞ്ഞു.