ലൈഫ് പദ്ധതി തകര്‍ക്കാന്‍ ചില ദുഷ്ടമനസ്സുളളവര്‍ ശ്രമിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കോട്ടയം: ലൈഫ് പദ്ധതി തകര്‍ക്കാന്‍ ചില ദുഷ്ടമനസ്സുളളവര്‍ ശ്രമിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലൈഫിനെതിരെ കുപ്രചരണം അഴിച്ചുവിട്ടു. മറ്റ് ഉദ്ദേശ്യത്തോടെ ഇത്തരം വ്യക്തികള്‍ വലിയൊരു പദ്ധതിക്കെതിരെ പരാതികളുമായി ചെന്നു. അത് സ്വീകരിച്ച കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേരളത്തില്‍ വന്ന് വട്ടമിട്ട് പറന്നു. വലിയ കോപ്പോടെ മുന്നോട്ടുപോയവര്‍ക്ക് ഒന്നും ചെയ്യാനായില്ല എന്ന് ബോധ്യപ്പെട്ടപ്പോള്‍ അല്‍പം ജാള്യതയോടെ ഒതുങ്ങി നില്‍ക്കുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. കൂട്ടിക്കല്‍ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സിപിഐഎം കോട്ടയം ജില്ലാ കമ്മിറ്റി നിര്‍മിച്ചു നല്‍കിയ 25 വീടുകളുടെ താക്കോല്‍ദാന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഭൂപതിവ് നിയമ ഭേദഗതി നിയമസഭ പാസാക്കി. എന്നാല്‍ അത് നിയമമായില്ല. ഒപ്പിടേണ്ടെന്ന നിലപാടാണ് ഗവര്‍ണര്‍ സ്വീകരിക്കുന്നത്. അതിനെതിരെ കര്‍ഷകര്‍ക്ക് വേണ്ടി സംസാരിക്കാന്‍ യുഡിഎഫോ ബിജെപിയോ തയ്യാറാകുന്നില്ല. എല്‍ഡിഎഫുകാര്‍ക്ക് വേണ്ടി മാത്രമല്ല ഈ ഭേദഗതി ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രത്തിന്റെ അന്വേഷണ ഏജന്‍സികള്‍ ഇത്തരം ദുഷ്ടമനസുകള്‍ക്ക് സ്വാധീനിക്കാന്‍ പറ്റുന്നവരായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘ചിലര്‍ കുപ്രചരണം അഴിച്ചുവിട്ടെങ്കിലും സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോയി. ഇപ്പോള്‍ വേണ്ടാ എന്നായിരുന്നു തടയാന്‍ ശ്രമിച്ചവരുടെ ചിന്ത. ഇപ്പോള്‍ വേണ്ട എന്നുപറഞ്ഞാല്‍ പിന്നെ എപ്പോഴാണ്?. നിഷേധാത്മക ചിന്തവെച്ചു പുലര്‍ത്തുന്നവര്‍ അവര്‍ക്ക് ഒരു നല്ലകാലം വരുമെന്ന് പ്രതീക്ഷിക്കുകയാണ്. ഈ സര്‍ക്കാര്‍ ചെയ്യേണ്ട എന്നാണ് നിലപാട്. അത് ഫലത്തില്‍ ബാധിക്കുന്നത് പാവപ്പെട്ട ലക്ഷക്കണക്കിന് ആളുകളെയാണ്’, മുഖ്യമന്ത്രി പറഞ്ഞു.

 

Top