കൊല്ലം: കേരളത്തിനെതിരെ ബോധപൂര്‍വം ചിലര്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ വ്യവസായം നടക്കില്ല എന്നൊക്കെ പറഞ്ഞു പരത്തുന്നു. കേരളത്തില്‍ വരാന്‍ ഉദ്ദേശിക്കുന്ന വ്യവസായങ്ങളെ തടയുകയാണ് ഇത്തരം പ്രചാരണങ്ങളുടെ ലക്ഷ്യം. ഇത്തരം പ്രചാരണങ്ങളെ തടയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശീയപാത അടക്കം സംസ്ഥാനത്തിന്റെ പശ്ചാത്തല വികസനരംഗത്ത് വന്‍ കുതിച്ചുചാട്ടം ആണ് കേരളം നടത്തുന്നത്. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനം ആക്കി മാറ്റും. പൊതുമേഖലാ സ്ഥാപനങ്ങളെ ഒന്നൊന്നാന്നായി വില്‍ക്കുമ്പോള്‍ കേരളത്തില്‍ അവ ഏറ്റെടുത്ത് രാജ്യത്തിനു മുതല്‍ക്കൂട്ടാക്കാനും തൊഴിലാളികളെ സംരക്ഷിക്കുവാനുമാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. തൊഴില്‍ കേസുകളും തര്‍ക്കങ്ങളും കേരളത്തില്‍ കുറവാണ്. വിവേചന രഹിത സ്ത്രീ സൗഹൃദ തൊഴിലിടങ്ങള്‍ കേരളത്തിലെ പ്രത്യേകതയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ വളര്‍ന്നുവരുന്ന നൂതന സംരംഭക സ്ഥാപനങ്ങള്‍ വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. നമ്മുടെ നാട്ടിലെ യുവാക്കളെ തൊഴിലന്വേഷകര്‍ എന്നതിലുപരി തൊഴില്‍ദാതാക്കളും സംരംഭകരുമാക്കി മാറ്റാനുള്ള നടപടികളും സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടുപോവുകയാണ്‌യുവാക്കള്‍ക്ക് പിന്തുണ നല്‍കുന്ന സ്റ്റാര്‍ട്ട് അപ് നയങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. സ്റ്റാര്‍ട്ട് അപ് മേഖലയില്‍ 5000 കോടിയുടെ സമാഹരണത്തിന് സര്‍ക്കാരിന് കഴിഞ്ഞു. സംസ്ഥാനത്ത് 16 വ്യവസായ പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കി. അടുത്ത വര്‍ഷം ഇത് 25 ആകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തൊഴില്‍ മേഖലയില്‍ കേരളം രാജ്യത്തിന് മാതൃകയാണ്. മിനിമം വേതനം ഏര്‍പ്പെടുത്തിയിരിക്കുന്ന ഏക സംസ്ഥാനം കേരളമാണ്. അതിഥി തൊഴിലാളികള്‍ക്ക് ഇത്രയധികം ക്ഷേമ പദ്ധതികള്‍ അനുവദിച്ച സംസ്ഥാനം രാജ്യത്തില്ല. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയും ഏര്‍പ്പെടുത്തി. കേരളത്തില്‍ നിന്ന് മരണപ്പെടുന്ന അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.