ജനാധിപത്യപരമായ ഒരു പ്രതിഷേധത്തിനും ഈ സര്‍ക്കാര്‍ എതിരല്ല; പിണറായി വിജയന്‍

കണ്ണൂര്‍ : നവകേരള യാത്രക്കെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗസ് പ്രവര്‍ത്തകരെ ആക്രമിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.കരിങ്കൊടി പ്രകടനം എന്ന് അതിനെ ചിലര്‍ വിശേഷിപ്പിച്ചു കണ്ടു. ജനാധിപത്യപരമായ ഒരു പ്രതിഷേധത്തിനും ഈ സര്‍ക്കാര്‍ എതിരല്ല.

എന്നാല്‍, കരിങ്കൊടിയുമായി ഓടുന്ന വാഹനത്തിനു നേരെ ചാടിയാലോ? അത് പ്രതിഷേധമല്ല, ആക്രമണോത്സുകതയാണ്. അത്തരം ആക്രമണോത്സുകത ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചെറുതാവണമെന്നില്ല. റോഡിലേക്ക് ചാടുന്ന ആള്‍ക്ക് അപകടമുണ്ടായാലോ? അത് ഏതെല്ലാം തരത്തിലുള്ള പ്രചരണത്തിന് ഇടയാക്കും. തീവണ്ടിക്ക് മുന്നില്‍ ചാടുന്നവരെ വലിച്ചു മാറ്റില്ലേ,അത് പോലെ മാറ്റിയതാണ്.സിപിഎം പ്രവര്‍ത്തകര്‍ കാണിച്ചത് മാതൃകപരമായ പ്രവര്‍ത്തനമാണ്.അത് തുടരണം.ബസിന് മുന്നില്‍ ചാടിയവരെ രക്ഷിക്കാനാണ് അവര്‍ ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവകേരള സദസ്സ് ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ ഏറ്റെടുത്ത ഈ മുന്നേറ്റം ചിലരെ അസ്വസ്ഥരാക്കുന്നുണ്ട്. അത്തരക്കാര്‍ എങ്ങനെയെല്ലാം ഇതിനെ സംഘര്‍ഷഭരിതമാക്കാം എന്ന ആലോചന നടക്കുന്നു. തെരുവില്‍ നേരിടും, തലസ്ഥാനം വരെ കരിങ്കൊടി കാണിക്കും എന്നെല്ലാമുള്ള പ്രഖ്യാപനങ്ങള്‍ ഉത്തരവാദപ്പെട്ട ചിലരില്‍ നിന്ന് വന്നതായി കണ്ടു. എന്നാല്‍ അത്തരം കുത്സിത ശ്രമങ്ങള്‍ക്കൊന്നും പൊതു ജനം ചെവികൊടുക്കില്ലെന്നും ഇത്തരം പ്രകടനകള്‍ ജനാധിപത്യ സംവിധാനത്തിന് ചേര്‍ന്നതല്ലെന്നും മുഖ്യമന്ത്രി.

സംഘര്‍ഷ അന്തരീക്ഷം കൊണ്ട് വന്ന് പരിപാടിക്ക് എത്തുന്ന ജനങ്ങളെ തടയാന്‍ പറ്റുമോ എന്നാണ് നോക്കുന്നത്. ആളൊഴുകുമ്പോള്‍ തടയാന്‍ കഴിയുന്നില്ല എന്നതിനാല്‍ ആണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍. ജനങ്ങളുടെ എല്ലാ പരാതിയും സ്വീകരിക്കുന്നുണ്ട് മറിച്ചുള്ളത് വ്യാജ വാര്‍ത്തകളാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Top