ഈസ്റ്റര്‍ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ഈസ്റ്റര്‍ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രത്യാശയുടെയും പ്രതിബന്ധങ്ങള്‍ തുടച്ചുനീക്കിയ മുന്നേറ്റത്തിന്റെയും പ്രതീകമാണ് ഈസ്റ്റര്‍. അപരനെ സ്‌നേഹിക്കുകയും അവന്റെ വേദനയില്‍ സാന്ത്വനം പകരുകയും ചെയ്യുന്ന സമൂഹത്തിന് വേണ്ടിയുള്ള സമര്‍പ്പണമാണ് ഈസ്റ്ററിന്റെ യഥാര്‍ത്ഥ സന്ദേശമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമാധാനവും സന്തോഷവും കളിയാടുന്ന നല്ല നാളെ സ്വപ്നം കാണാന്‍ ക്രിസ്തുവിന്റെ ത്യാഗസ്മരണ പ്രചോദനമാകുന്നു. ഒത്തൊരുമയോടെ ഈസ്റ്റര്‍ ദിനം ആഘോഷിക്കാമെന്നും മുഖ്യമന്ത്രി ആശംസസന്ദേശത്തില്‍ പറഞ്ഞു.

യേശുദേവന്‍ കുരിശിലേറിയ ശേഷം മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ പുതുക്കലാണ് ഈസ്റ്റര്‍. അന്‍പത് നോമ്പാചരണത്തിന്റെ അവസാനം കൂടിയാണ് ഈസ്റ്റര്‍. 51 ദിവസത്തെ നോമ്പാചരണത്തിന്റെ വിശുദ്ധിയോടെ ഈ ദിനത്തില്‍ ദേവാലയങ്ങളില്‍ ശുശ്രൂഷകള്‍, ദിവ്യബലി, കുര്‍ബാന എന്നിവ നടത്തുന്നു. ആദ്യ നൂറ്റാണ്ടില്‍ റോമിലെ ക്രിസ്ത്യാനികള്‍ ഈസ്റ്റര്‍ ദിനത്തെ വിളിച്ചിരുന്നത് ആനന്ദത്തിന്റെ ഞായര്‍ എന്നായിരുന്നു. ആദ്യത്തെ മൂന്ന് നൂറ്റാണ്ടുകളില്‍ പാസ്‌ക്ക (Pascha) എന്ന പേരില്‍ ഈസ്റ്റര്‍ ആചരിച്ചിരുന്നു. പാസ്‌ക്ക എന്ന പദം യഹൂദരുടെ പെസഹാ ആചരണത്തില്‍ നിന്നാണ് ഉരുവായത്. ഈ പാസ്‌ക്ക പെരുന്നാള്‍ പീഡാനുഭവും മരണവും ഉയിര്‍പ്പും ചേര്‍ന്ന ഒരു സമഗ്ര ആഘോഷമായിരുന്നു. നാലാം നൂറ്റാണ്ടു മുതല്‍ ദുഃഖവെള്ളി വേറിട്ട് ആഘോഷിച്ച് തുടങ്ങി. ഇംഗ്ലണ്ടിലെ ആംഗ്ലോ-സാക്‌സോണിയന്മാര്‍ ഈയോസ്റ്ററേ എന്ന ദേവതയെ ആരാധിച്ചിരുന്നു. ഈയോസ്റ്ററേ ദേവതയുടെ പ്രീതിക്കായുള്ള യാഗങ്ങള്‍ ഏറെയും നടന്നിരുന്ന മാസത്തെ ഈസ്റ്റര്‍ മാസം എന്നാണറിയപ്പെട്ടിരുന്നത്. പിന്നീട് ക്രിസ്തുമതം അവിടെ പ്രചരിച്ചപ്പോള്‍ ഈസ്റ്റര്‍ മാസത്തില്‍തന്നെ ആചരിച്ചിരുന്ന ക്രിസ്തുവിന്റെ പുനരുത്ഥാനപ്പെരുന്നാളിനെ ഈസ്റ്റര്‍ എന്നു വിളിച്ചു തുടങ്ങുകയും പിന്നീടത് സാര്‍വത്രികപ്രചാരം നേടുകയും ചെയ്തു.

ഈസ്റ്ററിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ പള്ളികളില്‍ ശുശ്രൂഷകളും പ്രാര്‍ത്ഥനയും നടന്നു. പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ ഈസ്റ്റര്‍ ശുശ്രൂഷകള്‍ക്ക് ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ നേതൃത്വം നല്‍കി. നിരാശ പരത്തുന്ന കാര്യങ്ങളാണ് ചുറ്റും കാണുന്നതെന്നും ഈ സാഹചര്യത്തിലാണ് പ്രത്യാശയുടെ പ്രകാശവുമായി ഈസ്റ്റര്‍ സന്ദേശം മനസുകളിലേക്ക് എത്തുന്നതെന്നും ബിഷപ്പ് പറഞ്ഞു.

Top