ഡല്‍ഹി: ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ നടപടികള്‍ തുടങ്ങിയെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി. ഫെബ്രുവരി 2ന് കരട് തയ്യാറാക്കാന്‍ നിയോഗിച്ച സമിതി റിപ്പോര്‍ട്ട് സര്‍ക്കാറിന് കൈമാറുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വരുന്ന നിയമസഭാ സമ്മേളനത്തില്‍ പാസാക്കുമെന്നും മുഖ്യമന്ത്രി പറയുന്നു. അയോധ്യക്ക് പിന്നാലെ ഏകീകൃത സിവില്‍കോഡും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാക്കാനാണ് ബിജെപി തീരുമാനം.
തെരഞ്ഞെടുപ്പിന് മുന്‍പ് മൂന്ന് സംസ്ഥാനങ്ങളില്‍ ഏകീകൃത സിവില്‍കോഡ് ബില്‍ പാസാക്കാനാണ് നീക്കമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അയോധ്യ രാമക്ഷേത്രം, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍, ഏകീകൃത സിവില്‍കോഡ് നടപ്പാക്കല്‍ എന്നിവ ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ആയുധങ്ങളാണ്. ആദ്യ രണ്ടും നടപടികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. തുടര്‍ന്ന് ഏകീകൃത സിവില്‍കോഡ് നടപ്പാക്കാന്‍ നടപടികള്‍ തുടങ്ങുകയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍. ഏകീകൃത സിവില്‍കോഡ് നടപ്പാക്കുമെന്ന് ആദ്യം പ്രഖ്യാപിച്ച് നടപടികള്‍ തുടങ്ങിയ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ഏകീകൃത സിവില്‍ കോഡ് ബില്‍ ചര്‍ച്ച ചെയ്യാന്‍ ഫെബ്രുവരി അഞ്ചിനാണ് ഉത്തരാഖണ്ഡ് നിയമസഭ ചേരുന്നത്.
2022 മെയിലാണ് മുന്‍ സുപ്രീം കോടതി ജഡ്ജി രഞ്ജന്‍ പ്രകാശ് ദേശായിയുടെ നേതൃത്വത്തില്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചത്. ഉത്തരാഖണ്ഡിന് പിന്നാലെ അസമിലും ഗുജറാത്തിലും ബില്‍ ചര്‍ച്ചയ്‌ക്കെടുത്ത് പാസാക്കാനാണ് ശ്രമം. മൂന്ന് സംസ്ഥാനങ്ങളിലും ബില്‍ പാസാക്കുന്നതോടെ ഏകീകൃത സിവില്‍കോഡ് സജീവ ചര്‍ച്ചയാക്കുകയാണ് ബിജെപി ലക്ഷ്യം. ലിംഗസമത്വം, സ്വത്തില്‍ തുല്യ അവകാശം തുടങ്ങിയവ ഏകീകൃത സിവില്‍ കോഡിലൂടെ നടപ്പാക്കുമെന്നാണ് ബിജെപി അവകാശ വാദം.
നേരത്തെ, ഏകീകൃത സിവില്‍ കോഡ് വിഷയം ബിജെപി ഉയര്‍ത്തിയപ്പോള്‍ അസമടക്കമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും കനത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ആദിവാസി ഗോത്ര വിഭാഗങ്ങളുടേതടക്കം അവകാശങ്ങള്‍ ഇല്ലാതാക്കുമെന്നാണ് വിമര്‍ശനം. ഏകീകൃത സിവില്‍ കോഡ് രാജ്യത്ത് നടപ്പാക്കുന്നത് നിയമ കമ്മീഷന്റെ അഭിപ്രായം സുപ്രീം കോടതി തേടിയിരുന്നു. നിയമ കമ്മീഷന്‍ അന്തിമ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ്. സംസ്ഥാനങ്ങളോടും വിവിധ സംഘടനകളോടും നിയമ കമ്മീഷന്‍ വിഷയത്തില്‍ നേരത്തെ അഭിപ്രായം തേടിയിരുന്നു.