തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയ ബാധിതരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് പകരം പ്രത്യേക അക്കൗണ്ട് വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുരിതാശ്വാസ ക്യാമ്പുകളെ കൈപ്പടിയില്‍ ഒതുക്കാന്‍ വേണ്ടി മാര്‍ക്സിസ്റ്റ് പാര്‍ട്ടി ശ്രമിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
നിര്‍ബന്ധിത പിരിവ്, ഭീഷണി, ദുരിതാശ്വാസത്തിന് ഏല്‍പ്പിച്ച സാധനങ്ങള്‍ കടത്തല്‍ എന്നിവയെല്ലാം സിപിഎം പ്രവര്‍ത്തകരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ഓഖി ദുരിതാശ്വാസ നിധിയുടെ അവസ്ഥ പ്രളയ ദുരിതാശ്വാസ നിധിക്ക് സംഭവിക്കരുതെന്ന് കരുതിയാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.
ഈ മാസം 20 വരെയുള്ള കണക്ക് പ്രകാരം 25,14,40,000 രൂപ മാത്രമേ ഓഖി ദുരിതാശ്വാസ നിധിയില്‍ നിന്ന് ചെലവാക്കിയിട്ടുള്ളൂ. 104 കോടി രൂപയിലെ ബാക്കി തുക എന്തു ചെയ്തുവെന്ന് പറയേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. മുഖ്യമന്ത്രി പറഞ്ഞ വാക്ക് ആത്മാര്‍ത്ഥതയുള്ളതാണെങ്കില്‍ അത് പാലിക്കാന്‍ അദ്ദേഹം തയ്യാറാകണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.