ഇംഫാല്‍: മണിപ്പൂരില്‍ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് നിര്‍ത്തിവച്ച മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ശനിയാഴ്ച മുതല്‍ പുനഃസ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗ് പറഞ്ഞു. ഇംഫാലില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥിതി മെച്ചപ്പെട്ടതോടെയാണ് ശനിയാഴ്ച മുതല്‍ സംസ്ഥാനത്തുടനീളം മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിക്കുക. വ്യാജ വാര്‍ത്തകളും വിദ്വേഷ പ്രസംഗങ്ങളും പ്രചരിപ്പിക്കുന്നത് തടയാനായിരുന്നു ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചതെന്നും അദ്ദേഹം പറഞ്ഞു. കലാപത്തില്‍ 175ലധികം പേര്‍ കൊല്ലപ്പെടുകയും 1100ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 33ലധികം പേരെ കാണാതായതായും 4786 വീടുകള്‍ക്ക് തീവെച്ചതായും 254 പള്ളികളും 132 ക്ഷേത്രങ്ങളും തകര്‍ത്തതായും പൊലീസ് അറിയിച്ചിരുന്നു.