സഹകരണ മേഖലയെ തകര്‍ക്കാമെന്ന വ്യാമോഹം ആര്‍ക്കും വേണ്ട: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സഹകരണ മേഖലയെ തകര്‍ക്കാമെന്ന വ്യാമോഹം ആര്‍ക്കും വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് ജനങ്ങളിലൂടെ വളര്‍ന്ന് വന്നതാണ്. ഒരു ശക്തിയെയും അതിന് അനുവദിക്കില്ല. സര്‍ക്കാര്‍ സഹകരണ മേഖലയെ സംരക്ഷിക്കാന്‍ എപ്പോഴും കൂടെ ഉണ്ടാകുമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. കോഴിക്കോട് ടൗണ്‍ കോപ്പറേറ്റീവ് സൊസൈറ്റി സില്‍വര്‍ ജൂബിലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ സഹകരണ മേഖല വളര്‍ച്ച നേടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ചെറുതും വലുതുമായ സംഘങ്ങള്‍ ഇക്കാലയളവില്‍ വളര്‍ച്ച നേടി. ക്രമാനുഗതമായ വളര്‍ച്ചയാണ് ഉണ്ടായത്. ഇതിന് ഊടും പാവും നെയ്തത് ജനങ്ങളാണ്. സഹകരണ മേഖല രണ്ടര ലക്ഷം കോടി രൂപയുടെ നിക്ഷേപമുള്ള മേഖലയായി. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ സഹകരണ മേഖലയില്‍ ജവഹര്‍ലാല്‍ നെഹ്‌റു ഉള്‍പ്പെടെ മികച്ച പിന്തുണ നല്‍കി. അത് ഒരു കാലത്തായിരുന്നു. പിന്നീട് ആഗോളവത്കരണ നയം അത് മാറ്റി. സാവധാനം സഹകരണ മേഖലക്ക് തിരിച്ചടി ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.

നിക്ഷേപം സ്വീകരിക്കാന്‍ തുടങ്ങിയതോടെ സഹകരണ മേഖല മെച്ചപ്പെട്ടു. നിക്ഷേപം നടത്തുന്നതിലൂടെ പരസ്പരം സഹായിക്കുകയാണ്. സഹകരണ മേഖല അനുദിനം വളര്‍ന്നു. നല്ല വളര്‍ച്ച ഉണ്ടായപ്പോള്‍ നിക്ഷേത്തിന്റെ കാര്യത്തില്‍ പലര്‍ക്കും അസൂയ ഉണ്ടായി. ചില സ്ഥാപനങ്ങള്‍ക്കും അസൂയ ഉണ്ടായി. ഇത് പല ഔദ്യാഗിക ഏജന്‍സികളും പ്രകടിപ്പിച്ചു. സംസ്ഥാനത്ത് മാറി മാറി വന്ന സര്‍ക്കാറുകള്‍ സഹകരണ മേഖലയുടെ വളര്‍ച്ച സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. കേന്ദ്രത്തില്‍ സഹകരണ മേഖലക്ക് എതിരെ നിലപാട് ഉണ്ടായപ്പോഴും ഇവിടുത്തെ യുഡിഎഫ് സഹകരണ മേഖലക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഇതും സഹകരണ രംഗത്ത് കേരളത്തില്‍ കക്ഷി രാഷ്ട്രീയത്തിന് അപ്പുറമുള്ള പിന്തുണയാണ് കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top