തിരുവനന്തപുരം: കേരളത്തിലെ സഹകരണ മേഖലയിലേക്ക് കേന്ദ്രത്തിന്റെ കഴുകൻ കണ്ണെന്ന് വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇവിടുത്തെ നിക്ഷേപം കണ്ട് വല്ലാത്തൊരു ആർത്തിയാണുള്ളത്. സഹകരണ മേഖലയെ തകർക്കാൻ നോട്ട് നിരോധനത്തിന്റെ കാലം മുതൽ ശ്രമിക്കുന്നു എന്നും മുഖ്യമന്ത്രി വിമർശിച്ചു.
കോൺഗ്രസിനെതിരെയും മുഖ്യമന്ത്രി രൂക്ഷഭാഷയിൽ വിമർശനമുന്നയിച്ചു. സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രത്യേകരീതിയിലുള്ള ആക്രമണം കോണ്‍ഗ്രസ് നേതാക്കളടക്കം നടത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുപക്ഷ നേതാക്കളുടെ ബന്ധുക്കളായ സ്ത്രീകള്‍ക്കെതിരെയാണ് വ്യാജപ്രചാരണം നടത്തിയത്. എന്തൊരു നെറികേടാണിത്?.
നവമാധ്യമങ്ങള്‍ തെറ്റായി ഉപയോഗിക്കുന്നതിന്റെ ഉദാഹരണമാണിത്. ലക്ഷങ്ങള്‍ കൊടുത്ത് ആളുകളെയും സ്ഥാപനങ്ങളെയും വിലയ്‌ക്കെടുത്ത്, രാഷ്ട്രീയ എതിരാളികളെ തലങ്ങും വിലങ്ങും ആക്രമിക്കുകയാണ്. അതിനായി വാര്‍ത്താരംഗമാകെ കൈയടക്കുന്നു. മറ്റു മാധ്യമങ്ങളെയും പണത്തിലൂടെ സ്വാധീനിക്കുന്നു. ഇതിനായി പ്രത്യേക ഏജന്‍സികളെ ഇറക്കുന്നു. ഇതൊന്നും നല്ലതിനല്ല.
എല്ലാം തെറ്റായ വഴികളിലൂടെ നേടാന്‍ നോക്കുന്നു. നേരത്തേ ഇങ്ങനെ നേടാന്‍ നോക്കിയത് ഏശിയില്ലെന്ന് തിരിച്ചറിഞ്ഞ് കാലേക്കൂട്ടി കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ഇതിലൂടെ അടിയോടെ വാരിയെടുക്കാനാകുമോ എന്നാണ് നോക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.