സാങ്കേതിക വിദ്യാരംഗത്തെ മുന്നേറ്റത്തെ കേരളം ജനോപകാരപ്രദമാക്കിയെന്ന് മുഖ്യമന്ത്രി

കൊച്ചി : സാങ്കേതിക വിദ്യാരംഗത്തെ മുന്നേറ്റത്തെ ജനോപകാരപ്രദമായി ഉപയോഗിക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശഭരണ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ ഒറ്റ ക്ലിക്കില്‍ ലഭ്യമാക്കി രാജ്യത്താദ്യമായി നടപ്പാക്കുന്ന കെ–സ്മാര്‍ട്ട് ആപ് ഈ മുന്നേറ്റത്തിലെ മറ്റൊരു നാഴികക്കല്ലാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ കെ–സ്മാര്‍ട്ട് ആപ്പിന്റെ സംസ്ഥാന ഉദ്ഘാടനം നടത്തുകയായിരുന്നു മുഖ്യമന്ത്രി.

ഡിജിറ്റലാവുകവഴി സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ ജനോന്മുഖമാകും. ഇതിലൂടെ അഴിമതി വളരെയധികം കുറയ്ക്കാനാകും. അഴിമതി ഇല്ലാതാകണം. അഴിമതി കലയായി സ്വീകരിച്ചവരും അവകാശമായി കാണുന്നവരുമുണ്ട്. ചെയ്ത ജോലിക്ക് ശമ്പളം വാങ്ങലാണ് അവകാശം. ജനങ്ങളെ സേവിക്കലാണ് പ്രധാനം.

കെ–സ്മാര്‍ട്ട് ആപ് യാഥാര്‍ഥ്യമായതോടെ പ്രവാസികള്‍ നേരിടുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും. കെ–ഫോണ്‍ പദ്ധതി സംസ്ഥാനത്ത് വിജയകരമാക്കി. പൊതുസ്ഥലങ്ങളില്‍ വൈഫൈ ലഭ്യമാക്കുന്ന കെ–ഫൈ പദ്ധതിയില്‍ രണ്ടായിരത്തിലേറെ ഹോട്ട്‌സ്‌പോട്ടുകള്‍ തയ്യാറായി. ഇതോടൊപ്പം ഓഫീസ് പ്രവര്‍ത്തന സംവിധാനങ്ങളും നവീകരിക്കപ്പെടണം.

പഞ്ചായത്തുകളില്‍ നടപ്പായ സംയോജിത പ്രാദേശികഭരണ മാനേജ്‌മെന്റ് സമ്പ്രദായത്തിലൂടെ 250 സേവനങ്ങള്‍ ഓണ്‍ലൈനായി ലഭിക്കുന്നുണ്ട്. എല്ലാ വില്ലേജ് ഓഫീസുകളെയും സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാക്കുകയാണ്. ഇന്റര്‍നെറ്റ് കണക്ടിവിറ്റിയും ഓണ്‍ലൈന്‍ സേവനങ്ങളും ഉപയോഗിക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയും നടപ്പാക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി എം ബി രാജേഷ് അധ്യക്ഷനായി. കെ–സ്മാര്‍ട്ട് മൊബൈല്‍ ആപ് മന്ത്രി പി രാജീവ് പുറത്തിറക്കി. കെ–സ്മാര്‍ട്ട് ലോഗോ തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ശര്‍മിള മേരി ജോസഫ് പ്രകാശിപ്പിച്ചു.

Top