കോൺഗ്രസുകാർക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി;എല്ലിൻ കഷ്ണമിട്ടാൽ ഓടുന്ന സൈസ് ജീവികള്‍

ജയിപ്പിച്ചു വിടുന്ന കോൺഗ്രസുകാർ നാളെ എവിടെയാണു ഉണ്ടാവുകയെന്ന് ഉറപ്പില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഏത് നേതാവിന്റെയും സ്ഥിതി ഇതുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ പാർലമെന്റ് മണ്ഡലം എൽഡിഎഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കവേയാണു മുഖ്യമന്ത്രി രൂക്ഷ വിമർശനം ഉയർത്തിയത്.

എല്ലിൻ കഷ്ണമിട്ടാൽ ഓടുന്ന സൈസ് ജീവികളാണു കോൺഗ്രസിൽ ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘‘കോൺഗ്രസുകാർ എപ്പോൾ ബിജെപിയിലേക്കു പോകുമെന്ന് ആർക്കും പറയാൻ കഴിയില്ല. വർഗീയതയെ പൂർണ്ണമായി അംഗീകരിക്കുന്ന നിലപാട് സ്വീകരിക്കാൻ മടിയില്ലാത്ത ഒന്നായി കോൺഗ്രസ് മാറി. ബിജെപിക്ക് എതിരായ ഒരു സമരം മാത്രമല്ല വരുന്ന തിരഞ്ഞെടുപ്പ്. ബിജെപിയെ അനുകൂലിക്കാൻ ഇടയുള്ള അവസരവാദികൾക്ക് എതിരെയുള്ള സമരം കൂടിയായിരിക്കണം ഈ തിരഞ്ഞെടുപ്പ്’’–മുഖ്യമന്ത്രി പറഞ്ഞു.

വന്യജീവി ആക്രമണ വിഷയത്തിൽ വേണ്ടരീതിയിൽ പ്രവർത്തിക്കാൻ സംസ്ഥാന സർക്കാരിനു കഴിവില്ലെന്ന് സ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നതായും മുഖ്യമന്ത്രി ആരോപിച്ചു. ഇക്കാര്യത്തിൽ കേന്ദ്ര നിയമമാണ് പ്രധാന തടസ്സമെന്നും അദ്ദേഹം വ്യക്തമാക്കി.

‘കേന്ദ്രനിയമമാണു പ്രധാന തടസം. കോൺഗ്രസ് ഭരണകാലത്തുണ്ടാക്കിയ നിയമം പിന്നീടു ശക്തമാക്കിയതും കോൺഗ്രസ് സർക്കാരുകളാണ്. കൃത്യമായി നിർദേശങ്ങൾ ഇക്കാര്യത്തിലുണ്ട്. അതിനെ മറികടക്കാനാവില്ല. കേന്ദ്ര നിയമം ഭേദഗതി ചെയ്യുകയാണു വേണ്ടത്.’ പിണറായി വിജയൻ പറഞ്ഞു.

Top