ഇ പി ജയരാജനെതിരായ ആരോപണത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ മുഖ്യമന്ത്രി

ന്യൂഡല്‍ഹി: ഇ പി ജയരാജനെതിരായ ആരോപണത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയം ചര്‍ച്ച ചെയ്യുമോ എന്ന ചോദ്യത്തോട് തണുപ്പ് എങ്ങനെയുണ്ടെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രിയുടെ മറുചോദ്യം. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചില്ല.ഇ പി ജയരാജനുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണത്തെക്കുറിച്ചാണ് മുഖ്യമന്ത്രിയോട് ചോദിച്ചത്. ചൊവ്വാഴ്ച്ച ചേരുന്ന പിബി യോഗം വിഷയം ചര്‍ച്ച ചെയ്യുമോ എന്ന ചോദ്യത്തിനായിരുന്നു തണുപ്പ് എങ്ങനെയുണ്ടെന്ന മുഖ്യമന്ത്രിയുടെ മറുചോദ്യം. എന്നാല്‍ തനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ മാധ്യമങ്ങളെ നേരിട്ട് കാണുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഇ പി ജയരാജന്‍ രാജി സന്നദ്ധത അറിയിച്ചിരുന്നു. ഇ പി പദവികള്‍ ഒഴിഞ്ഞേക്കുമെന്നാണ് വിവരം. എല്‍ഡിഎഫ് കണ്‍വീനര്‍ പദവിയില്‍ നിന്ന് ഉള്‍പ്പടെ രാജിവച്ചേക്കും. വെള്ളിയാഴ്ച്ചത്തെ സിപിഐഎം സെക്രട്ടറിയേറ്റിലും ഇപി പങ്കെടുക്കില്ല. അടുത്ത നേതാക്കളെ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. ഇന്ന് ചേരുന്ന സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം വിഷയം ചര്‍ച്ച ചെയ്യാനിരിക്കെയാണ് ഇപിയുടെ നീക്കം.കണ്ണൂര്‍ ആയുര്‍വേദ മെഡിക്കല്‍ കെയര്‍ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയെ മറയാക്കി ഇപി ജയരാജന്‍ കോടികളുടെ അഴിമതി നടത്തിയെന്നായിരുന്നു പി ജയരാജന്റെ ആരോപണം. വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പാര്‍ട്ടിക്ക് അകത്ത് നടന്ന ചര്‍ച്ചകള്‍ പുറത്ത് പങ്കുവെക്കാനാഗ്രഹിക്കുന്നില്ലെന്നായിരുന്നു പി ജയരാന്‍ പ്രതികരിച്ചത്. ആരോപണം നിഷേധിച്ച് ഇ പി ജയരാജന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

Top