തിരുവനന്തപുരം: മാധ്യമങ്ങളോടുള്ള പെരുമാറ്റത്തില്‍ അനുരഞ്ജനത്തിനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുമായി ബന്ധപ്പെട്ട് സിപിഎം നേതൃത്വവുമായി ചര്‍ച്ചയ്‌ക്കൊരുങ്ങുകയാണ് മുഖ്യമന്ത്രി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഓരോ വിഷയത്തിലും കൃത്യമായ വിവരം നല്‍കാന്‍ കഴിവുള്ള ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം ഇനി മുതല്‍ ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുമെന്നാണ് സൂചന.
മാധ്യമങ്ങള്‍ ഉന്നയിക്കുന്ന ചോദ്യം പൊലീസുമായി ബന്ധപ്പെട്ടതാണെങ്കില്‍ ഡിജിപി, റേഞ്ച് ഐജി എന്നിവരും വിഷയം ഭരണ രംഗവുമായി ബന്ധപ്പെട്ടതാണെങ്കില്‍ ചീഫ് സെക്രട്ടറിയും അതത് വകുപ്പിന്റെ ചീഫ് സെക്രട്ടറിമാരും മറുപടി നല്‍കും.
മാധ്യമങ്ങളെ അകറ്റിനിര്‍ത്തുന്ന സമീപനം ഏറെ വിവാദം സൃഷ്ടിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം. സംസ്ഥാനത്തെ തുടര്‍ച്ചയായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നടക്കുന്ന സമാധാന ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ മുഖ്യമന്ത്രി പുറത്താക്കിയത് ഏറെ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു.