കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ പട്ടിക വര്‍ഗക്കാരും കൃഷിക്കാരും ഉള്‍പ്പെടെ 2247 കുടുംബങ്ങള്‍ക്ക് ശനിയാഴ്ച പട്ടയം വിതരണം ചെയ്യും.
ഇടതുസര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികത്തോടനുബന്ധിച്ച് ഭൂരഹിതരായവര്‍ക്ക് പട്ടയം നല്‍കുന്നതിന്റെ ഭാഗമായാണ് കാഞ്ഞങ്ങാട് പട്ടയമേള നടത്തുന്നത്.
കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ പരിസരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പട്ടയം വിതരണം ചെയ്യും. ഹെസ്ദുര്‍ഗ് താലൂക്കിലാണ് ഏറ്റവും കൂടുതല്‍ പട്ടയം നല്‍കുന്നത്. 953 കുടുംബങ്ങള്‍ക്ക്. വെള്ളരിക്കുണ്ട് 346, കാസര്‍കോട് 243, മഞ്ചേശ്വരം 327, ലാന്റ് ട്രിബ്യൂണല്‍ 322, ദേവസ്വം ലാന്റ് ട്രിബ്യൂണല്‍ 56 എന്നിങ്ങനെയാണ് പട്ടയം വിതരണം ചെയ്യുന്നത്.
പാലാവയല്‍ തയേനി വായ്ക്കാനം, ചിറ്റാരിക്കാല്‍, അമ്പാര്‍തട്ട്, ബളാല്‍ പെരിയാത്ത്, പനത്തടി മൊട്ടയം കൊച്ചി, ഒറോട്ടിക്കാനം, മാലോത്ത് കുറ്റിത്താമി, ദേവഗിരി, മാന്തില എസ്റ്റേറ്റ്, ചാമക്കളം, പുല്ലൂര്‍ കണ്ണോത്ത്, മാണിപ്പുറം, പേരാല്‍ എം എന്‍ ലക്ഷം വീട്, പട്ടേന ലക്ഷം വീട്, പുതുക്കൈ ഭൂദാനം എന്നീ പട്ടിക വര്‍ഗ കോളനികളിലെ കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കും. ഈ കോളനികളില്‍ 35 വര്‍ഷത്തിലധികം വീട് വച്ച് താമസിക്കുന്നവര്‍ക്കുന്ന കുടുംബങ്ങള്‍ക്കും പട്ടയം അനുവദിക്കും. കാഞ്ഞങ്ങാട് വില്ലേജിലെ സുനാമി കോളനിക്കാര്‍ക്കും പട്ടയം നല്‍കും.
പനത്തടി ചാമുണ്ഡിക്കുന്നില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ച പദ്ധതി പ്രകാരം പട്ടികവര്‍ഗ പുനരധി വാസ പദ്ധതി നടപ്പാക്കുന്നതിന് പനത്തടി വില്ലേജില്‍ വനംവകുപ്പ് 91.98 ഏക്കര്‍ സ്ഥലം നല്‍കിയിട്ടുണ്ട്. ഈ ഭൂമി വെള്ളരിക്കുണ്ട് താലൂക്കിലെ ഭൂരഹിതരായ 150 ആദിവാസി കുടുംബങ്ങള്‍ക്ക് 50 സെന്റ് വീതം നല്‍കും. പട്ടയ മേളയില്‍ ഇതിനുള്ള കൈവശാവകാശ രേഖ വിതരണം ചെയ്യും.
ഭൂരഹിതരില്ലാത്ത കേരളം പദ്ധതി പ്രകാരം തെക്കില്‍ വില്ലേജില്‍ അനുവദിച്ച ഭൂമി വാസയോഗ്യമല്ലെന്ന കാരണത്താല്‍ മാറ്റി കിട്ടണമെന്ന് അപേക്ഷിച്ച 93 കുടുംബങ്ങള്‍ക്ക് പുതിയ ഭൂമി നല്‍കും. പാടി വില്ലേജിലാണ് ഇവര്‍ പ്‌ളോട്ട് കൊടുക്കുന്നത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കയ്യാര്‍ വില്ലേജിലെ 69 പേര്‍ക്ക് സ്ഥലം അനുവദിച്ചതിന്റ പട്ടയവും ശനിയാഴ്ച വിതരണം ചെയ്യും.