മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിനെ തിരഞ്ഞെടുത്തതിന്റെ സാധുത ചോദ്യം ചെയ്ത് ഹര്‍ജി

ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിനെ തിരഞ്ഞെടുത്തതിന്റെ സാധുത ചോദ്യംചെയ്ത് അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജി.

ഉപമുഖ്യമന്ത്രിയായ കേശവ്പ്രസാദ് മൗര്യയുടെ നിയമനവും ഹര്‍ജിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. സാമൂഹ്യപ്രവര്‍ത്തകനായ സഞ്ജയ് ശര്‍മയാണ് ഇരുവര്‍ക്കുമെതിരെ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. ഇരുവരും സ്വന്തം സ്ഥാനങ്ങള്‍ രാജിവെക്കാത്തത് ജൂലൈയില്‍ നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നതിനാണെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.

ലോക്സഭാ അംഗമെന്ന നിലയില്‍ ശമ്പളവും മറ്റാനുകൂല്യങ്ങളും പറ്റുന്നവര്‍ക്ക് സംസ്ഥാന ഭരണം കൈയ്യാളാന്‍ സാധിക്കില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇരുവരേയും അയോഗ്യരായി പ്രഖ്യാപിക്കണമെന്നാണ് 1959-ലെ അയോഗ്യതാ നിയമം പരാമര്‍ശിച്ച് ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നത്.

ഹര്‍ജി പരിഗണിച്ച കോടതി ഉത്തര്‍പ്രദേശ് അഡ്വക്കേറ്റ് ജെനറലിനോട് വിശദീകരണം തേടി. കേസില്‍ അഭിപ്രായമറിയിക്കാന്‍ അറ്റോര്‍ണി ജനറലിന് നോട്ടീസ് അയച്ചിട്ടുണ്ട്. ഗോരഖ്പുര്‍, ഫുല്‍പുര്‍ മണ്ഡലങ്ങളില്‍ നിന്നുള്ള ലോക്സഭാ എംപിമാരാണ് ആദിത്യനാഥും കേശവ് പ്രസാദ് മൗര്യയും.

ഇത് സംബന്ധിച്ച ഹര്‍ജി മെയ് 24-ന് പരിഗണിക്കും.

Top