മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന്

ന്യുഡല്‍ഹി: മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന്. മധ്യപ്രദേശ് മുഖ്യമന്ത്രിയായി മോഹന്‍യാദവ് ഇന്ന് രാവിലെ 11.30ന് ഭോപ്പാലില്‍ സത്യപ്രതിജ്ഞ ചെയ്യും. ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായി വിഷ്ണു ദേവ് സായി ഉച്ചക്ക് രണ്ട് മണിക്ക് റായ്പൂരില്‍ നടക്കുന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്യും. ചടങ്ങില്‍ ഉപമുഖ്യമന്ത്രിമാരായി രാജന്ദ്രേ ശുക്ലയും ജഗദീഷ് ദേവഡയും സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞാ ചടങ്ങുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ എന്നിവര്‍ പങ്കെടുക്കും.

ഛത്തീസ്ഗഡിലെ ആദിവാസി വിഭാഗത്തില്‍ നിന്നുളള ആദ്യ മുഖ്യമന്ത്രിയാണ് മുന്‍ കേന്ദ്രമന്ത്രിയും മുന്‍ എംപിയുമായ വിഷ്ണു ദേവ് സായി. മുന്‍ മുഖ്യമന്ത്രി രമണ്‍ സിംഗ് സ്പീക്കറാകും. രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മ്മ ഡിസംബര്‍ 15ന് സത്യപ്രതിജ്ഞ ചെയ്യും.മൂന്ന് തവണ എംഎല്‍എയായ വ്യക്തിയാണ് മോഹന്‍യാദവ്. എല്ലാ പ്രവചനങ്ങളെയും തകര്‍ത്തുകൊണ്ടാണ് അദ്ദേഹം മധ്യപ്രദേശ് മുഖ്യമന്ത്രിയായത്. 2013ല്‍ ഉജ്ജയിനില്‍ നിന്നാണ് അദ്ദേഹം ആദ്യമായി എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹം 2018ലും 2023ലും മണ്ഡലത്തില്‍ നിന്നും വിജയിച്ചു. മോഹന്‍ യാദവ്, ശിവരാജ് സിംഗ് ചൗഹാന്റെ മന്ത്രിസഭയിലെ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്നു. നരേന്ദ്ര സിംഗ് തോമറാകും മധ്യപ്രദേശ് നിയമസഭാ സ്പീക്കര്‍.

Top