തിരുവനന്തപുരം : വിദേശത്ത് അപകടത്തില്‍ മരിച്ച വയനാട് സ്വദേശിയായ യുവാവിന്റെ മൃതദേഹത്തിന് പകരം തമിഴ്‌നാട് രാമനാഥപുരം സ്വദേശിയുടെ മൃതദേഹം നാട്ടില്‍ എത്തിയ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു.
അമ്പലവയല്‍ പഞ്ചായത്തിലെ പായിക്കൊല്ലിയിലെ അഴീക്കോടന്‍ വീട്ടില്‍ ഹരിദാസന്റെ മകന്‍ നിഥിന്റെ ( 29 ) മൃതദേഹമാണ് മാറിയത്. ഇതിനുപകരം തമിഴ്‌നാട് രാമനാഥപുരം സ്വദേശി കാമാച്ചി കൃഷ്ണന്റെ മൃതദേഹമാണ് നാട്ടില്‍ എത്തിച്ചത്.
അബുദാബിയില്‍ ജോലി ചെയ്തിരുന്ന നിഥിന്‍ 10 ദിവസം മുമ്പാണ് അപകടത്തില്‍ മരിച്ചത്. അബുദാബിയിലെ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം എംബാം ചെയ്ത മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മൃതദേഹം രാവിലെ 10 മണിയോടെ അമ്പലവയലിലെ സ്വകാര്യ ആശുപത്രി ഫ്രീസറിലേക്ക് മാറ്റാന്‍ കൊണ്ടുവന്നു. ഇതിനിടെയാണ് മൃതദേഹം മാറിയെന്നും നിഥിന്റെ മൃതദേഹം അബുദാബി ആശുപത്രിയില്‍ത്തന്നെയാണുള്ളതെന്ന വിവരം അവിടത്തെ ആശുപത്രി അധികൃതര്‍ ബന്ധുക്കളെ ഫോണ്‍ വിളിച്ചറിയിക്കുന്നത്.
ഈ വിവരമറിഞ്ഞ് ആശങ്കയിലായ ബന്ധുക്കള്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശപ്രകാരം നോര്‍ക്ക റൂട്‌സ് അധികൃതരും ഉന്നത പോലിസുദ്യോഗസ്ഥരും നിഥിന്റെയും തമിഴ്‌നാട് സ്വദേശിയുടെയും ബന്ധുക്കളുമായും രാമനാഥപുരം ജില്ലാ കലക്ടര്‍, പോലീസ് മേധാവി എന്നിവരുമായും ബന്ധപ്പെട്ടു. അബുദാബിയിലെ മലയാളി സംഘടനകളുടെയും സഹായം തേടി.
തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നോര്‍ക റൂട്‌സിന്റെ സൗജന്യ ആംബുലന്‍സ് സേവനം വഴി രാമനാഥപുരത്തേക്ക് എത്തിക്കാന്‍ തീരുമാനിച്ചു. നിഥിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്.