തിരുവനന്തപുരം: ബജറ്റ് ചോര്‍ന്നെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് ചീഫ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ട്.
ഉദ്യോഗസ്ഥന്റെ ശ്രദ്ധ കുറവാണ് ഇക്കാര്യത്തില്‍ സംഭവിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ സ്ഥിരീകരിച്ചു.
അതേസമയം ബജറ്റ് ചോര്‍ച്ചയുമായി ബന്ധപ്പെട്ട ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് സഭയില്‍ ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഗൗരവതരമായ പരാമര്‍ശങ്ങളുണ്ടെങ്കില്‍ നടപടി സ്വീകരിക്കും. സഭയില്‍ പറഞ്ഞത് റിപ്പോര്‍ട്ടിന്റെ ഒരുഭാഗം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൂടാതെ ബജറ്റ് ചോര്‍ന്നെന്ന പ്രതിപക്ഷ പരാതിയില്‍ കഴമ്പില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സംഭവത്തില്‍ ഭരണഘടനാ ലംഘനവും വീഴ്ചയും ഉണ്ടായിട്ടില്ല. ജനപ്രിയ ബജറ്റിന്റെ നിറം കെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അടിയന്തര പ്രമേയ നോട്ടീസിനുള്ള മറുപടിയില്‍ മുഖ്യമന്ത്രി പറഞ്ഞു.
ബജറ്റിന്റെ രഹസ്യ സ്വഭാവമുള്ള ഒരു രേഖയും ചോര്‍ന്നിട്ടില്ല. വിഷയത്തില്‍ ധനകാര്യമന്ത്രിയുടെ ഉദ്യോഗസ്ഥന് വീഴ്ച ഉണ്ടായിട്ടുണ്ട്. അന്നുതന്നെ ആ ഉദ്യോഗസ്ഥനെ മാറ്റിനിര്‍ത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.