മുംബൈ:ക്യാപ്റ്റൻസി വിവാദത്തിൽ വിരാട് കോലിയെ തള്ളിയും ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയെ പിന്തുണച്ചും മുഖ്യ സെലക്‌ടര്‍ ചേതൻ ശർമ്മ . ട്വന്‍റി 20 ക്യാപ്റ്റനായി തുടരാൻ വിരാട് കോലിയോട് ആവശ്യപ്പെട്ടിരുന്നെന്ന് ചേതൻ ശർമ്മ പറഞ്ഞു.
ഏകദിനത്തിലും ട്വന്‍റി 20യിലും ഒരു ക്യാപ്റ്റൻ മതിയെന്ന തീരുമാനം സെലക്ഷൻ കമ്മറ്റിയുടേതാണെങ്കിലും വിരാട് കോലി നായകസ്ഥാനത്ത് നിന്ന് സ്വയം പുറത്തുപോവുകയായിരുന്നെന്ന് വിശദീകരിക്കുകയാണ് മുഖ്യ സെലക്‌ടർ ചേതൻ ശർമ്മ. സൗരവ് ഗാംഗുലിയെ പിന്തുണച്ച് വിവാദത്തിനല്ല ടീമിന്‍റെ വിജയത്തിനാണ് താൽപര്യമെന്നും ചേതൻ വ്യക്തമാക്കി. കെ എൽ രാഹുലിന്‍റെ നേതൃപാടവത്തിൽ സെലക്ഷൻ കമ്മിറ്റിക്ക് ഏറെ പ്രതീക്ഷയുണ്ടെന്നും മുഖ്യ സെലക്‌ടർ പറഞ്ഞു.
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് പോകും മുൻപുള്ള വാർത്താസമ്മേളനത്തിന് മണിക്കൂർ മുൻപ് മാത്രമാണ് നായകസ്ഥാനത്ത് ഒഴിവാക്കുന്ന കാര്യം അറിയിച്ചതെന്ന് വിരാട് കോലി തുറന്നുപറഞ്ഞതാണ് വിവാദമായത്. ടി20 നായകപദവി ഒഴിയുന്ന കാര്യം പറഞ്ഞപ്പോള്‍ ബിസിസിഐയിലെ എല്ലാ അംഗങ്ങളും സ്വാഗതം ചെയ്യുകയായിരുന്നു എന്നും വാര്‍ത്താസമ്മേളനത്തില്‍ കോലി വ്യക്തമാക്കിയിരുന്നു.
ഏകദിന നായകസ്ഥാനം രോഹിത്തിന് കൈമാറുന്നതിന് മുമ്പ് കോലിയുമായി താനും മുഖ്യ സെലക്‌ടറും സംസാരിച്ചിരുന്നു എന്ന് ഗാംഗുലി നേരത്തെ അവകാശപ്പെട്ടിരുന്നു. കോലിയോട് ടി20 നായകപദവിയില്‍ തുടരാന്‍ ബിസിസിഐ ആവശ്യപ്പെട്ടു എന്നും ഗാംഗുലി പറഞ്ഞു. ഗാംഗുലിയുടെ ഈ അവകാശവാദം ശരിവെയ്‌ക്കുകയാണ് മുഖ്യ സെലക്‌ടര്‍ ചേതന്‍ ശര്‍മ്മ.