മസ്‌കറ്റ്: സലാലയില്‍ ഏപ്രില്‍ 20 ന് മലയാളി നഴ്‌സ് ചിക്കു റോബര്‍ട്ട് കുത്തേറ്റ് മരിച്ച സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലായിരുന്ന ഭര്‍ത്താവ് ലിന്‍സണ്‍ തോമസിനെ മോചിപ്പിച്ചു.
119 ദിവസത്തിന് ശേഷമാണ് ഒമാന്‍ ഗവണ്‍മെന്റ് ലിന്‍സണെ മോചിപ്പിച്ചത്. സലാല ബദര്‍ അല്‍ സമാ ആസ്പത്രിയിലെ നഴ്‌സായിരുന്നു ചിക്കു.
ലിന്‍സണും അവിടെ തന്നെ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഏപ്രില്‍ 20 ന്,രാത്രി പത്ത് മണിക്ക് ഡ്യൂട്ടിക്ക് എത്തേണ്ടിയിരുന്ന ചിക്കുവിനെ കാണാത്തതിനെ തുടര്‍ന്ന് ലിന്‍സണ്‍ അന്വേഷിച്ചു ചെന്നപ്പോഴായിരുന്നു ചിക്കു മരിച്ച നിലയില്‍ കാണപ്പെട്ടത്.
അഞ്ചുമാസം ഗര്‍ഭിണിയായിരുന്ന ചിക്കുവിന്റെ കാതുകള്‍ അറുത്ത് കമ്മലുകള്‍ അടക്കമുള്ള ആഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടിരുന്നു.സംഭവദിവസം തന്നെ ഭര്‍ത്താവ് ലിന്‍സണെ ഒമാന്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
മോചനം സംബന്ധിച്ച വിവരം ലിന്‍സണ്‍ ജോലി ചെയ്തിരുന്ന സ്ഥാപനാധികൃതര്‍ സ്ഥിരീകരിച്ചു.