നോയിഡ: കാള പെറ്റെന്ന് കേട്ട ഉടനെ കയർ എടുക്കരുതെന്ന് പറയുന്നത് ഇതാണ്. ഒടുക്കം കയറുമായി ചെല്ലുമ്പോഴേ കാളയുടെ കാര്യം ആണല്ലോ എന്ന് മനസിലാവുകയുള്ളൂ. നോയിഡയിലെ ഛിജാർസിയിലും ഇത്തരം ഒരു സംഭവം ഉണ്ടായി. സ്‌കൂളിൽ പോയ മകൻ മടങ്ങി എത്തിയില്ല, പകരം ഒരു ഫോൺ കാൾ വന്നു. “5 മിനിറ്റിനുള്ളിൽ ഇവിടേക്ക് വരണം.” വിളിച്ചത് മകൻ തന്നെയാണ്. വിവരം കേട്ടത് കുട്ടിയുടെ പിതാവും. കേട്ട പാതി കേൾക്കാത്ത പാതി പുറപ്പെടുക എന്ന് പറയും പോലെ, കുട്ടിയുടെ പിതാവ് ഇറങ്ങി പുറപ്പെട്ടു. വേറെ എങ്ങോട്ടും അല്ല, പൊലീസ് സ്റ്റേഷനിലേക്ക്. പൊലീസ് സ്റ്റേഷനിൽ എത്തി പരാതിയും നൽകി. “കുട്ടിയെ കാൺമാനില്ല. അഞ്ച് ലക്ഷം മോചനദ്രവ്യം ആവശ്യപെട്ടിട്ടുണ്ട്.” അത് എങ്ങനെ ശരിയാകും അഞ്ച് മിനിറ്റ് എന്നല്ലേ കുട്ടി പറഞ്ഞത് എന്ന് ചിന്തിക്കുന്നുണ്ടാകും അല്ലെ? സംഭവം ശരിയാണ്. പക്ഷേ പിതാവ് കേട്ടത് തെറ്റി പോയതാണ്.
സാധാരണ കുട്ടി സ്‌കൂളിൽ നിന്നും മടങ്ങി എത്തുന്ന സമയത്തിന് കുട്ടി എത്താത്തതിന്റെ ആശങ്കയിൽ ഇരിക്കുമ്പോൾ കുട്ടി വിളിച്ചു അഞ്ച് മിനിറ്റിനുള്ളിൽ വരണം എന്ന് പറഞ്ഞത്, അഞ്ച് ലക്ഷമായി കേട്ടു പോയതാണ്. വെപ്രാളത്തിൽ മിനിറ്റ് ലക്ഷമായി. പിന്നെ ഒന്നും ആലോചിക്കാതെ നേരെ പൊലീസ് സ്റ്റേഷനിലേക്കും.
അല്ല ഇതൊക്കെ ഒപ്പിച്ചു വെച്ച ഈ കുട്ടി എവിടെ പോയതാണ് എന്ന് ചിന്തിക്കുന്നുണ്ടാകും അല്ലെ. അതും അൽപ്പം വളവും തിരിവും ഒക്കെ ഉള്ള ഒരു കഥയാണ്. കുട്ടി അവന്റെ അല്ലറ ചില്ലറ ആവശ്യങ്ങൾക്കായി പിതാവിന്റെ പലചരക്ക് കടയിൽ നിന്ന് ഇടയ്ക്കിടെ പണം മോഷ്ടിക്കുമായിരുന്നു. ഇത് കണ്ടെത്തിയപ്പോള്‍ ഒക്കെ വീട്ടുകാർ കുട്ടിക്ക് ചെറിയ ചില ശിക്ഷകൾ നൽകിയിരുന്നു. മുകളിൽ പറഞ്ഞ സംഭവങ്ങൾ നടന്ന ദിവസവും കുട്ടി പണപെട്ടിയിൽ നിന്നും 100 രൂപ മോഷ്ടിച്ചിരുന്നു. മോഷ്ടിച്ച വിവരം വീട്ടുകാർ അറിഞ്ഞപ്പോൾ കുട്ടിയെ വഴക്ക് പറഞ്ഞിരുന്നു. ഇത് നമ്മുടെ കഥാനായകനായ കുട്ടിക്ക് അത്രയ്ക്കങ്ങ് പിടിച്ചില്ല. ഇത്രയൊക്കെ എന്നെ വഴക്ക് പറഞ്ഞതല്ലേ, ഇവർക്ക് ഒരു ചെറിയ പണി കൊടുത്തേക്കാം എന്ന് കുട്ടിയും കരുതി. അതുകൊണ്ട് സ്‌കൂൾ വിട്ട് തിരിച്ചു വീട്ടിലേക്ക് പോകുന്നതിന് പകരം, കുട്ടി ഒരു അപരിചിതന്റെ ബൈക്കിൽ കയറി, ഗ്രെറ്റർ നോയിഡയിലേക്ക് പോയി. അവിടെ കുറച്ചു നേരം ചുറ്റി തിരിഞ്ഞപ്പോൾ ഇനി എന്നാൽ വീട്ടിൽ പോയി കളയാം എന്ന് ആശാന് തോന്നി! അവിടെ കണ്ട ഒരാളോട് ഫോൺ വാങ്ങി വീട്ടിൽ വിളിച്ചു അച്ഛനോട് അഞ്ച് മിനിറ്റിനുള്ളിൽ അങ്ങോട്ടേക്ക് എത്താൻ ആവശ്യപ്പെട്ടു.
പൊലീസ് സ്റ്റേഷനിൽ എത്തിയ കുട്ടിയുടെ പിതാവിന്റെ പരാതി സ്വീകരിച്ച പൊലീസുകാർ കുട്ടി ബന്ധപ്പെട്ട നമ്പർ ആവശ്യപ്പെട്ടു. ആ നമ്പറിൽ വിളിച്ചു നോക്കിയപ്പോഴാണ് മറ്റൊരു രസം. നമ്പർ സ്വിച്ചഡ് ഓഫ് ആണ്! അതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി. വിദഗ്ധരുടെ സഹായത്തോടെ മൊബൈൽ ഫോണിന്റെ അവസാന ടവർ ലൊക്കേഷൻ എടുത്തു. പിന്നെ അവിടേക്ക് ചെന്നു. വിവരങ്ങളുടെ അടിസ്ഥാനത്തിൽ നമ്പറിന്റെ ഉടമസ്ഥനെ കണ്ടെത്തി. കാര്യങ്ങൾ തിരക്കിയപ്പോൾ കുട്ടി തന്നോട് ഫോൺ അവശ്യപ്പെട്ടതാണെന്ന് അയാൾ പറഞ്ഞു. അതോടെ കുട്ടിയ്ക്കായി പരിസര പ്രദേശങ്ങളിൽ തിരച്ചിൽ നടത്തി. തുടർന്ന് അലഞ്ഞു തിരിഞ്ഞു നടന്ന കുട്ടിയെ കണ്ടെത്തി. അഞ്ച് ലക്ഷം നൽകണം എന്ന് കേസ് നൽകിയതിന്റെ പിന്നിലെ സത്യാവസ്ഥ മനസിലായതോടെയാണ് പിതാവ് വീണ്ടും അമളിയിൽ പെട്ടു എന്ന് മനസിലാകുന്നത്. എന്തായാലും പൊലീസിനെയും കുടുംബത്തെയും ആകെ ചുറ്റിച്ചെങ്കിലും കുട്ടിയെ ലഭിച്ചല്ലോ എന്ന ആശ്വാസത്തിൽ പോലീസ്, കേസ് രമ്യതയിൽ തീർത്തു.