രണ്ടാനച്ഛന്‍റെ ക്രൂരമര്‍ദ്ദനത്തിനിരയായ ഏഴ് വയസ്സുകാരന്‍റെ ആരോഗ്യനില അതീവ ഗുരുതരം

തൊടുപുഴ : തൊടുപുഴയില്‍ രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ ഏഴ് വയസ്സുകാരന്റെ ആരോഗ്യനില മോശമായി തുടരുന്നു. കുട്ടിയെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ആന്തരിക രക്തസ്രാവമുള്ളതിനാല്‍ കുട്ടിയുടെ അവസ്ഥ മോശമായി തന്നെ തുടരുകയാണ്. കുട്ടി വെന്റിലേറ്ററില്‍ 48 മണിക്കൂര്‍ നിരീക്ഷണത്തിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് അമ്മയുടേയും ഇളയ കുട്ടിയുടെയും മൊഴി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടാനച്ഛന്‍ കുട്ടിയെ നിലത്തിട്ട് പല തവണ ചവിട്ടിയെന്ന് അമ്മ പൊലീസിന് മൊഴി നല്‍കി. പൊലീസ് നിരീക്ഷണത്തിലുള്ള ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

വ്യാഴാഴ്ച യാണ് കുട്ടിയെ രണ്ടാനച്ഛന്‍ ഗുരുതരമായി ആക്രമിച്ചത്. അതിക്രൂരമായി മര്‍ദ്ദനമേറ്റ നിലയില്‍ കുട്ടിയെ കണ്ട് സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരമറിയിച്ചത്.

രക്തത്തിൽ കുളിച്ച നിലയിൽ കുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് മർദ്ദന വിവരം പുറത്തറിയുന്നത്. സോഫയിൽ നിന്ന് വീണ് കുട്ടിയുടെ തലയ്ക്ക് പരിക്കേറ്റെന്നാണ് മാതാപിതാക്കൾ ആശുപത്രി അധികൃതരെ അറിയിച്ചത്.

എന്നാൽ വിശദ പരിശോധനയിൽ തലയോട്ടി പൊട്ടി തലച്ചോർ പുറത്ത് വന്നതായി കണ്ടെത്തി. തുടർന്ന് പൊലീസിന്‍റെ സഹായത്തോടെ വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ് അബോധാവസ്ഥയിലുള്ള കുട്ടിയുടെ നില അതീവഗുരുതരമാണ്.

തലച്ചോറില്‍ രക്തസ്രാവമുണ്ടെന്നും കുട്ടിയെ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചതായും സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.

Top