പാലക്കാട്: പോഷകാഹാരകുറവ് മൂലം അട്ടപ്പാടിയില്‍ ഇനി കുട്ടികള്‍ മരിക്കുന്ന സാഹചര്യം ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം ഉദ്യോഗസ്ഥര്‍ക്കാണെന്ന് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു.
ഉദ്യോഗസ്ഥരുടെ കൃത്യനിഷ്ഠ അത്ര മെച്ചപ്പെട്ടതല്ലെന്നും ഒരു പഞ്ചായത്ത് സെക്രട്ടറി പോലും അട്ടപ്പാടിയിലേക്ക് തിരിഞ്ഞു നോക്കാറില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
ഗ്രാമവികസന വകുപ്പും ഐ.ടി.ഡി.പിയും തമ്മില്‍ ഏകോപനമില്ല. അട്ടപ്പാടിയുടെ കാര്യത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഗുരുത വീഴ്ച വരുന്നുണ്ട്.
ജനങ്ങള്‍ക്ക് വിവരങ്ങള്‍ അറിയുന്നതിന് നിരീക്ഷണ കേന്ദ്രങ്ങള്‍ ഉണ്ടായിട്ടും അതിലൂടെ വിവരങ്ങള്‍ ഒന്നും തന്നെ അറിയാന്‍ കഴിയുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ഈ സാഹചര്യം മാറണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ആരോഗ്യ മേഖല, കമ്മ്യൂണിറ്റി കിച്ചണ്‍, തൊഴില്‍പരമായ വിഷയങ്ങള്‍ എന്നിവയ്ക്കായിരിക്കും ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുകയെന്നും മന്ത്രി വ്യക്തമാക്കി.