കൊച്ചി: നാണയം വിഴുങ്ങി ചികിത്സ ലഭിക്കാതെ കുട്ടി മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ആശുപത്രി അധികൃതര്‍. ശിശുരോഗ വിദഗ്ധന്‍ ഇല്ലാത്തതിനാലാണ് കുട്ടിക്ക് ചികിത്സ നല്‍കാതിരുന്നതെന്നാണ് ആലുവ താലൂക്ക് ആശുപത്രി സുപ്രണ്ടിന്റെ മറുപടി.
കടുങ്ങല്ലൂര്‍ സ്വദേശികളായ ദമ്പതികളുടെ മകന്‍ പൃഥ്വിരാജ് (3) ആണ് മരിച്ചത്. കോവിഡ് നിയന്ത്രിത മേഖലയില്‍ നിന്ന് വന്നതുകൊണ്ട് മടക്കി അയച്ചെന്നാണ് മാതാപിതാക്കളുടെ പരാതി.
ശനിയാഴ്ചയാണ് കുട്ടി നാണയം വിഴുങ്ങിയത്. ഉടന്‍ തന്നെ കുട്ടിയെ ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ എറണാകുളം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. അവിടെയെത്തിയപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു.
ആലപ്പുഴയില്‍ എത്തിയപ്പോള്‍ ഡോക്ടര്‍മാര്‍ കുട്ടിയ്ക്ക് ചോറും പഴവും നല്‍കാനാണ് ആവശ്യപ്പെട്ടതെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. പിന്നീട് വീട്ടിലെത്തിച്ചെങ്കിലും രാത്രിയോടെ കുട്ടിയുടെ നില മോശമായി. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.