മലപ്പുറം: പ്രളയസമയത്ത് ഒമ്പത് വയസുകാരനെ തട്ടിക്കൊണ്ടുപോയി പുഴയിലെറിഞ്ഞ് കൊന്നത് കുട്ടിയുടെ അച്ഛന്റെ കൈയിലുള്ള സ്വര്‍ണം കൈക്കലാക്കുന്നതിനെന്ന് പ്രതിയുടെ മൊഴി.
എടയാറ്റൂര്‍ മങ്കരത്തൊടി മുഹമ്മദ് സലീമിന്റെ മകന്‍ മുഹമ്മദ് ഷെഹീനെയാണ് പിതൃസഹോദരനായ എടയാറ്റൂര്‍ മങ്കരത്തൊടി മുഹമ്മദ് കൊലപ്പെടുത്തിയത്. കുട്ടിയെ പുഴയില്‍ എറിഞ്ഞശേഷം മരണം ഉറപ്പാക്കിയ ശേഷമാണ് താന്‍ മടങ്ങിയതെന്നും ഇയാള്‍ പൊലീസിനോടു പറഞ്ഞു.
കുട്ടിയെ ബൈക്കില്‍ കയറ്റുകയാണെന്ന ഭാവേന എടുത്തുയര്‍ത്തിയ ശേഷം ആനക്കയം പാലത്തില്‍ നിന്ന് പുഴയിലേക്ക് വലിച്ചെറിയുകയായിരുന്നെന്നും മൊഴി നല്‍കിയിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ നിലമ്പൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
ഷെഹീനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഈ മാസം 13ന് രാവിലെ സ്‌കൂളിലേക്ക് പോയ കുട്ടി തിരിച്ചെത്താഞ്ഞതിനെ തുടര്‍ന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനിടെ ഹെല്‍മെറ്റ് ധരിച്ച ഒരാള്‍ കുട്ടിയെ ബൈക്കില്‍ കയറ്റിക്കൊണ്ടു പോകുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.
കുട്ടിക്ക് പരിചയമുളള ആരോ ആവാം സംഭവത്തിന് പിന്നിലെന്ന നിഗമനത്തെ തുടര്‍ന്നാണ് അന്വേഷണം പിതൃസഹോദരനിലേക്ക് നീണ്ടത്.
മുഹമ്മദ് സലീമിന്റെ കൈവശം മൂന്നു കിലോയോളം സ്വര്‍ണമുണ്ടെന്ന ധാരണയിലാണ് പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ തടങ്കലില്‍ പാര്‍പ്പിച്ച് സ്വര്‍ണത്തിന്റെ ഒരു ഭാഗം കൈക്കലാക്കുകയായിരുന്നു ലക്ഷ്യം. രാത്രി വരെ കുട്ടിയേയുമായി പലയിടങ്ങളില്‍ കറങ്ങി.
എന്നാല്‍ കുട്ടിയെ കാണാതായ വിവരം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടര്‍ന്ന് പൊലീസ് പിടിയിലാകുമെന്ന് ഭയന്നാണ് കുട്ടിയെ പുഴയിലെറിഞ്ഞത്.