കോട്ടയം: 2016ല്‍ കേരളത്തില്‍ നിന്നു തട്ടിക്കൊണ്ടു പോയത് 241 പേരെയെന്ന് കണക്ക്. ഇതില്‍ 163 പേര്‍ കുട്ടികളാണ്. കുട്ടികളില്‍ 145 പേര്‍ പെണ്‍കുട്ടികളാണെന്നും ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നു.
ലൈംഗിക പീഡനവും ഭിക്ഷാടനവും ഉള്‍പ്പെടെയുള്ള ഉദ്ദേശ്യത്തോടെയാണു കുട്ടികളെ തട്ടിക്കൊണ്ടുപോയിട്ടുള്ളത്. 2015ല്‍ 271 പേരെയാണു തട്ടിക്കൊണ്ടുപോയത്. രണ്ടുവര്‍ഷങ്ങളിലായി റാഞ്ചപ്പെട്ട 512 പേരില്‍ 367 പേരെ കണ്ടെത്തി തിരിച്ചെത്തിക്കാന്‍ കഴിഞ്ഞു.
ഇതേസമയം, രാജ്യത്തകമാനം 2016ല്‍ തട്ടിക്കൊണ്ടുപോകപ്പെട്ട കുട്ടികളുടെ എണ്ണം 47,840 ആണ്. ഇതില്‍ 36,123 പെണ്‍കുട്ടികളും 11,717 ആണ്‍കുട്ടികളുമുണ്ട്.
ഉത്തര്‍പ്രദേശില്‍ 9678 പേരും മഹാരാഷ്ട്രയില്‍ 8260 പേരും തട്ടിക്കൊണ്ട് പോകലിന് ഇരകളായി. കേരളത്തില്‍ കഴിഞ്ഞ വര്‍ഷം 305 പേര്‍ കൊലചെയ്യപ്പെട്ടു. 2014ല്‍ 367 പേരും 2016ല്‍ 305 പേരും കൊല്ലപ്പെട്ടിരുന്നു. ഉത്തര്‍പ്രദേശിലാണു കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം കൊലപാതകങ്ങള്‍ നടന്നത്-4889. ബിഹാര്‍ 2581 പേരും മഹാരാഷ്ട്രയില്‍ 2299 പേരും കൊല്ലപ്പെട്ടു.
സ്ത്രീകള്‍ക്കെതിരെ കഴിഞ്ഞ വര്‍ഷം കേരളത്തില്‍ 10,034 അതിക്രമങ്ങള്‍ നടന്നു. 2015ല്‍ ഇത്തരം 9767 കേസുകളായിരുന്നു റജിസ്റ്റര്‍ ചെയ്തത്. ഇതിലും മുന്നില്‍ ഉത്തര്‍പ്രദേശാണ് 49362. കേരളത്തില്‍ ലൈംഗിക പീഡനത്തിന് ഇരയായ സ്ത്രീകളില്‍ അധികവും 18നും 30നും മധ്യേ പ്രായമുള്ളവരാണ്. കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട 1656 കേസുകളില്‍ 1627 എണ്ണത്തിലും പ്രതികള്‍ ബന്ധുക്കളോ പരിചയക്കാരോ ആണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.