കോഴിക്കോട് : കാരശ്ശേരിയിലെ അടയ്ക്ക പൊതിക്കൽ കേന്ദ്രത്തിൽ നിന്നും അസ്സം സ്വദേശികളായ ആറ് കുട്ടികളെ ബാലവേലയിൽ നിന്ന് രക്ഷപ്പെടുത്തി. ബാലവേല തടയാനായി നടത്തുന്ന പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ല ശിശു സംരക്ഷണ യൂണിറ്റ് മുഖേന നടപ്പിലാക്കി വരുന്ന ശരണബാല്യം പദ്ധതിയുടെ ഭാഗമായി വിവിധ വകുപ്പുകളുമായി സംയോജിച്ചു നടത്തിയ ജോയിന്റ് സെർച്ച് ഡ്രൈവിലാണ് കുട്ടികളെ കണ്ടെത്തിയത്.
കുട്ടികൾ 6-12 വയസ്സിനിടയിൽ പ്രായമുള്ളവരാണ്. കുട്ടികൾ രക്ഷിതാക്കൾക്കൊപ്പം താമസിച്ചു ജോലി ചെയ്യുന്നുവെന്നാണ് അന്വേഷണത്തിൽ നിന്ന് മനസിലാക്കാനായത്. 18 ഓളം കുട്ടികൾ രക്ഷിതാക്കളോടൊപ്പം ഇവിടെ താമസിച്ചു വരുന്നുണ്ട്. കുട്ടികളെ ചൈൽഡ് വെൽഫയർ കമ്മിറ്റി മുൻപാകെ ഹാജരാക്കി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
ജോയിന്റ് സെർച്ച് ഡ്രൈവിൽ ജില്ല ശിശു സംരക്ഷണ യൂണിറ്റ്, ശരണബാല്യം റെസ്ക്യൂ ഓഫീസർ ജൻസിജ പി.കെ, മുക്കം പോലീസ് സിപിഓ രാജേഷ് പി.കെ, കാരശ്ശേരി പഞ്ചായത്ത് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ടി.പി മുഹമ്മദ്, ഹെൽത്ത് ഇൻസ്‌പെക്ടർ അരുൺ ലാൽ താമരശ്ശേരി അഡിഷണൽ ലേബർ ഓഫീസർ ഷൈന എന്നിവർ പ്രസ്തുത ഡ്രൈവിൽ പങ്കെടുത്തു. തുടർന്നും ഇത്തരം പദ്ധതികൾ സംഘടിപ്പിക്കും എന്ന് അധികൃതർ വ്യക്തമാക്കി.