കോഴിക്കോട്: സംസ്ഥാന വ്യാപകമായി കഴിഞ്ഞദിവസം നടന്ന ഓപ്പറേഷന്‍ പീ ഹണ്ടില്‍ കുടുങ്ങിയവരില്‍ 16 കാരന്‍ മുതല്‍ ഡോക്ടര്‍ വരെ. കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ കൈമാറ്റം ചെയ്തതിനും പ്രചരിപ്പിച്ചതിനും ആകെ 89 കേസുകളിലായി 47 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൊബൈല്‍ ഫോണുകളും ഹാര്‍ഡ് ഡിസ്‌കുകളും അടക്കം 143 ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു.
കോഴിക്കോട് ജില്ലയില്‍ ഏഴിടത്ത് നടന്ന പൊലീസ് റെയ്ഡില്‍ നാലുപേരെയാണ് അറസ്റ്റ് ചെയ്തത്. മെഡിക്കല്‍ കോളേജ് ജി.കെ.എം. റോഡില്‍ ആന്‍ കോട്ടേജില്‍ അരുണ്‍ ജോസഫ് (18), ഒഞ്ചിയം കേളുബസാര്‍ വലിയപറമ്പത്ത് പ്രതുല്‍ദാസ് (29), ചേലക്കാട് നന്തോത്ത് ഷുഹൈബ് (30), ബാലുശ്ശേരി, വട്ടോളിബസാര്‍ അറപ്പീടിക തെരുവില്‍ മുഹമ്മദ് ഇഷാം (20) എന്നിവരാണ് കോഴിക്കോട്ട് അറസ്റ്റിലായത്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല ഫോട്ടോകളും വീഡിയോകളും കൈയില്‍ സൂക്ഷിച്ചതിനും പ്രചരിപ്പിച്ചതിനും പത്തനംതിട്ട കോട്ടയം ജില്ലകളിലായി അഞ്ചുപേരെയാണ് പിടികൂടിയത്. കോന്നിയിലും പുളിക്കീഴും നടത്തിയ പരിശോധനയില്‍ രണ്ടുപേര്‍ പിടിയിലായി. കോന്നി ഇളകൊള്ളൂര്‍ ഐ.ടി.സി.ക്ക് സമീപം നാരകത്തിന്‍മൂട്ടില്‍ തെക്കേതില്‍ ടിനു തോമസ് (32), ഇടുക്കി കാമാക്ഷിയില്‍ താമസിക്കുന്ന പുളിക്കീഴ് സ്വദേശി ഡോ.വിജിത് ജൂണ്‍ (30) എന്നിവരാണ് അറസ്റ്റിലായത്.
ജില്ലാപോലീസ് മേധാവി കെ.ജി. സൈമണിന്റെ നിര്‍ദേശാനുസരണം ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ആര്‍. ജോസിന്റെയും സൈബര്‍സെല്ലിന്റെയും സഹായത്തോടെ കോന്നി പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.എസ്. രാജേഷാണ് ടിനു തോമസിനെ അറസ്റ്റ് ചെയ്തത്. ഹോട്ടല്‍ മാനേജ്‌മെന്റ് പഠനം കഴിഞ്ഞ് വിദേശത്തുപോയ ഇയാള്‍ ലോക്ഡൗണ്‍ കാരണം തിരികെപ്പോകാന്‍ കഴിയാതെ നാട്ടില്‍ തങ്ങുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീലവീഡിയോകളും ഫോട്ടോകളും നിരന്തരമായി കാണുകയും പ്രത്യേക ഗ്രൂപ്പുകളുണ്ടാക്കി അതിന്റെ അഡ്മിനായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇത്തരം വീഡിയോകളും ഫോട്ടോകളും അടങ്ങിയ മൊബൈല്‍ ഫോണ്‍ ഇയാളില്‍നിന്നു പിടിച്ചെടുത്തു.
ഇടുക്കി കാമാക്ഷി പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ ഡോക്ടറായ വിജിത് ജൂണിനെ തങ്കമണി പൊലീസാണ് അറസ്റ്റ് ചെയ്തത്. സൈബര്‍ സെല്‍ വഴി ലൊക്കേഷന്‍ അന്വേഷിച്ചപ്പോള്‍ ഇയാള്‍ ഇടുക്കി ജില്ലയിലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇടുക്കി പൊലീസില്‍ വിവരമറിയിച്ചത്.
ഇയാളില്‍നിന്നു ലാപ്‌ടോപ്, അഞ്ച് ഹാര്‍ഡ്ഡിസ്‌ക്, നാലു മൊബൈല്‍ ഫോണുകള്‍, എട്ട് പെന്‍ഡ്രൈവുകള്‍, രണ്ടു മെമ്മറി കാര്‍ഡുകള്‍ തുടങ്ങിയവ പിടിച്ചെടുക്കുകയും ചെയ്തു. കോട്ടയം ജില്ലയില്‍ ചങ്ങനാശ്ശേരി പെരുന്ന സ്വദേശി നിധിന്‍ (21), മോനിപ്പള്ളി കണിയാമ്പാറ സ്വദേശി സജി (45), വൈക്കം തോട്ടകം സ്വദേശി അഖില്‍ദാസ് (21) എന്നിവരെയാണ് ക്രൈംബ്രാഞ്ച്-സൈബര്‍ സെല്‍ ഡിവൈ.എസ്.പി. ഗിരീഷ് പി.സാരഥിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. രണ്ടു പേര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തു.
മുണ്ടക്കയം വണ്ടമ്പതാല്‍ സ്വദേശിയായ വിനീതിനെതിരെയും കോട്ടയം നഗരത്തില്‍ താമസിക്കുന്ന തൃശ്ശൂര്‍ സ്വദേശിക്കെതിരെയും കേസെടുക്കുകയും ചെയ്തു. അഞ്ച് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.
കൊല്ലത്ത് ആറ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശാസ്താംകോട്ട, മനക്കര കിഴക്ക്, ശ്രീമന്ദിരത്തില്‍ അഭിന്‍ (20), കടക്കല്‍ ഗോവിന്ദമംഗലം, കോക്കോട്ടുകോണം, അംബിക വിലാസത്തില്‍ അനുരാജ് (25), കൊട്ടാരക്കര, കിഴക്കേക്കര, നേതാജി നഗര്‍, ആഞ്ഞിലിവേലില്‍ അഖില്‍ എബ്രഹാം (25), വെണ്ടാര്‍ പാണ്ടറ പാലന്റഴികത്ത് താഴതില്‍ വീട്ടില്‍ അഭിജിത്ത് (21), അഞ്ചല്‍ അലയമണ്‍ തടത്തില്‍ പുത്തന്‍വീട്ടില്‍ അനു സെല്‍ജിന്‍, അഞ്ചല്‍ കരുകോണ്‍ പുത്തയം സ്വദേശിയായ 16-കാരന്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. ടെലഗ്രാം എന്ന ആപ്ലിക്കേഷന്‍ വഴിയാണ് പ്രതികള്‍ വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചത്.
കണ്ണൂരില്‍ ഒരാള്‍ അറസ്റ്റിലായി. കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്തസംഭവങ്ങളില്‍ ഏഴ് കേസുകള്‍ രജിസ്റ്റര്‍ചെയ്തു. പെരുന്താറ്റില്‍ ഇളയടത്ത്മുക്ക് നക്ഷത്രയില്‍ രജുലിനെ(39)യാണ് തലശ്ശേരി പൊലീസ് അറസ്റ്റുചെയ്തത്. വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൊബൈല്‍ഫോണ്‍, ലാപ്‌ടോപ്, പെന്‍ഡ്രൈവ്, കംപ്യൂട്ടര്‍ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു.
സൈബര്‍സെല്ലിന്റെ നിര്‍ദേശപ്രകാരമാണ് അറസ്റ്റ്. കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരി, മയ്യില്‍, മാലൂര്‍, പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി, പേരാവൂര്‍ എന്നീ സ്റ്റേഷനുകളിലാണ് കേസ്സെടുത്തിട്ടുള്ളത്. നാവികസേനയില്‍നിന്ന് വിരമിച്ച അബുദാബിയിലായിരുന്ന രജുല്‍ അടുത്തിടെയാണ് നാട്ടില്‍ വന്നത്. സാമൂഹിക മാധ്യമങ്ങള്‍വഴിയും ഓണ്‍ലൈന്‍ വഴിയും കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും വ്യാപകമായി ഡൗണ്‍ലോഡ് ചെയ്ത് ഷെയര്‍ചെയ്യുന്നതിനെതിരേ ഇന്റര്‍പോളിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. ഇത്തരം വെബ് സൈറ്റുകളും ആപ്ലിക്കേഷനുകളും നിരോധിത പോണ്‍സൈറ്റുകളും സന്ദര്‍ശിക്കുന്നവരെ നിരീക്ഷിക്കുന്നതിന് അന്താരാഷ്ട്രതലത്തില്‍ പ്രത്യേകവിഭാഗം തന്നെ ഇന്റര്‍പോളിലുണ്ട്. ഇത്തരം വ്യക്തികളെ നിരന്തരം നിരീക്ഷിച്ചശേഷമാണ് പൊലീസ് നടപടികളിലേക്ക് നീങ്ങുന്നത്.