കൂത്താട്ടുകുളം: കൂത്താട്ടുകുളം ടൗണില്‍ സ്വകാര്യ ബസില്‍വച്ച് ഒന്‍പതു വയസുള്ള കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്‍ അറസ്റ്റില്‍.
തൊടുപുഴ ഒളമറ്റം മാരികലുങ്ക് പൂവത്തിങ്കല്‍ രാമകൃഷ്ണന്‍ (59) ആണ് പിടിയിലായത്. പാലായില്‍ നിന്ന് ബസില്‍ കയറിയ രാമകൃഷ്ണന്‍ മംഗലത്തുതാഴത്തെത്തിയപ്പോള്‍ അവിടെ നിന്ന് കയറിയ പെണ്‍കുട്ടിയെ മടിയില്‍ വിളിച്ചിരുത്തുകയായിരുന്നു.
രാമൃഷ്ണന്റെ പ്രവൃത്തികള്‍ അതിരുവിട്ടതോടെ പെണ്‍കുട്ടി നിലവിളിച്ചു. ഇതോടെ മറ്റ് യാത്രക്കാരും ബസിലുണ്ടായിരുന്ന കുട്ടിയുടെ അമ്മയും കൂടി രാമകൃഷ്ണനെ ചോദ്യംചെയ്തു.
ടൗണ്‍ എത്തുംമുമ്പേ പെണ്‍കുട്ടിയെയും അമ്മയേയും ബസ് ജീവനക്കാരുടെ നേതൃത്വത്തില്‍ ഓട്ടോവിളിച്ച് യാത്രയാക്കി. രാമകൃഷ്ണനെ പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.
അടിവസ്ത്രം പോലും ധരിക്കാതെയാണ് ഇയാള്‍ ബസില്‍ യാത്രചെയ്തിരുന്നത്. കൂത്താട്ടുകുളത്തെ ഒരു വര്‍ക്ക്‌ഷോപ്പില്‍ ജീവനക്കാരനാണ് ഇയാള്‍. 20 വയസുള്ള ഒരു പെണ്‍കുട്ടിയും ഭാര്യയുമുണ്ട് ഇയാള്‍ക്ക്.
കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്ന ‘പോക്‌സോ’ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് എസ്.ഐ. ജി.പി. മനുരാജ് പറഞ്ഞു. ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.