പുരസ്കാര വേദിയിൽ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തിൽ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

മലപ്പുറം: മദ്രസയിലെ പുരസ്കാര വേദിയിൽ പെൺകുട്ടിയെ വേദിയിൽ വച്ച് അപമാനിച്ച സംഭവത്തിൽ കേസെടുത്ത് ബാലാവകാശ കമ്മീഷൻ. സംഭവത്തിൽ സ്വമേധയാ കേസെടുത്ത ബാലാവകാശ കമ്മീഷൻ സമസ്ത സെക്രട്ടറിയോട് വിശദീകരണം നൽകണം. പെരിന്തൽമണ്ണ എസ്.എച്.ഒ, ജില്ലാ ചൈൽഡ് പ്രോട്ടക്ഷൻ ഓഫീസർ എന്നിവരോടും ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്,.സംഭവത്തിൽ വിമ‍ർശനവുമായി നേരത്തെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു, വനിതാ കമ്മീഷൻ അധ്യക്ഷൻ പി.സതീദേവി എന്നിവർ രംഗത്തെത്തിയിരുന്നു.

പെരിന്തൽമണ്ണയിൽ സമസ്ത വൈസ് പ്രസിഡൻറ് എം.ടി.അബ്ദുള്ള മുസ്ലിയാർ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പുരസ്കാരം നൽകാൻ വേദിയിൽ വിളിച്ചു വരുത്തിയ ശേഷം അപമാനിച്ചത് കുറ്റകരമാണെന്ന് വ്യക്തമാക്കിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രൂക്ഷവിമർശനമുന്നയിച്ചത്. കേരളം പോലുള്ള വിദ്യാഭ്യാസപരമായി മുന്നിൽ നിൽക്കുന്ന സംസ്ഥാനത്ത് പെൺകുട്ടികളെ വീട്ടകങ്ങളിൽ തളയ്ക്കാനാണ് ശ്രമം. രാഷ്ട്രീയ നേതാക്കൾ ഇക്കാര്യത്തിൽ പുലർത്തുന്ന കുറ്റകരമായ മൗനം വെടിയണം. ഹിജാബ് വിവാദമടക്കം ഉയർത്തി ഇസ്ലാമോഫോബിയ വളർത്തുന്നവരാണ് പെൺകുട്ടിയെ അപമാനിച്ചതെന്നും ഗവർണർ പറഞ്ഞു.

Top