വിശപ്പകറ്റാന്‍ വഴിയില്ല, മണ്ണുവാരിതിന്നുന്ന അവസ്ഥ ; അമ്മ 4 മക്കളെ ശിശുക്ഷേമസമിതിക്ക് കൈമാറി

തിരുവനന്തപുരം : പട്ടിണി സഹിക്കാന്‍ കഴിയാതെ പെറ്റമ്മ മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറി. തിരുവനന്തപുരം കൈതമുക്കില്‍ റെയില്‍വേ പുറമ്പോക്കില്‍ താമസിക്കുന്ന സ്ത്രിയാണ് മക്കളെ ശിശുക്ഷേമ സമിതിയെ സംരക്ഷിക്കാനേല്‍പ്പിച്ചത്. ഇവരുടെ ആറുമക്കളില്‍ നാലുപേരെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു.

വിശപ്പ് സഹിക്കാന്‍ കഴിയാതെ ഇവരുടെ ഒരു കുട്ടി മണ്ണ് തിന്ന് വിശപ്പടക്കിയതായി ശിശുക്ഷേമ സമിതിക്ക് നല്‍കിയ അപേക്ഷയില്‍ അമ്മ പറയുന്നു. ടാര്‍പോളിന്‍ കെട്ടി മറച്ച കുടിലിലാണ് അമ്മയും ആറു കുട്ടികളും സ്ത്രീയുടെ ഭര്‍ത്താവും കഴിയുന്നത്.

ആറു കുട്ടികളാണ് ഇവര്‍ക്ക്. മൂത്തയാള്‍ക്ക് 7 വയസ്സും ഏറ്റവും ഇളയ ആള്‍ക്ക് മൂന്ന് മാസവുമാണ് പ്രായം. കൂലിപ്പണിക്കാരനായ ഭര്‍ത്താവ് മദ്യപാനിയാണ്. ഭക്ഷണത്തിനുള്ള വക ഭര്‍ത്താവ് തരാറില്ല. സംഭവമറിഞ്ഞെത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇവിടെ എത്തുകയായിരുന്നു. മുലപ്പാല്‍ കുടിക്കുന്ന ഇളയ രണ്ട് കുഞ്ഞുങ്ങള്‍ ഒഴികെയുള്ള നാല് കുട്ടികളേയും ശിശുക്ഷേമസമിതി ഏറ്റെടുത്തു.

തൈക്കാട് അമ്മത്തൊട്ടിലിലേക്കാണ് ഏറ്റെടുത്ത കുട്ടികളെ ഇപ്പോള്‍ കൊണ്ടുപോയിരിക്കുന്നത്. ഇവര്‍ക്ക് വിദ്യാഭ്യാസത്തിനടക്കമുള്ള സൗകര്യങ്ങള്‍ ഇവിടെ ഒരുക്കും. മാതാപിതാക്കള്‍ക്ക് ഇവരെ ഇവിടെയെത്തി കാണാനും സൗകര്യം ഒരുക്കും. നാലുകുട്ടികള്‍ക്കും 18 വയസ് പ്രായമാകുന്നതുവരെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലായിരിക്കും.

Top