ഓലമടല്‍ കൊണ്ട് ബാറ്റ് ചെയ്ത കുട്ടിക്കാലത്തെ ഓര്‍മകള്‍ പങ്ക് വച്ച് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ. തന്റെ നാലാം വയസ്സിലായിരുന്നു സഹോദരന്‍ ഓലമടല്‍ കൊണ്ട് ബാറ്റ് ഉണ്ടാക്കി തന്നത്. വേനല്‍ക്കാലത്ത് ക്രിക്കറ്റും, മഴക്കാലത്ത് ഫുട്‌ബോളുമായിരുന്നു ഞങ്ങളുടെ വിനോദം. ഓറഞ്ച്, നാരങ്ങ, കല്ല് അങ്ങനെ കയ്യില്‍ കിട്ടുന്ന എന്ത് വച്ചും തങ്ങള്‍ ക്രിക്കറ്റ് കളിക്കുമായിരുന്നുവെന്ന് ലാറ പറയുന്നു.
താരം ക്രിക്കറ്റിലും ഫുട്‌ബോളിലും മാത്രമല്ല ടേബിള്‍ ടെന്നീസിലും ഒരു കൈ പരീക്ഷിച്ചിട്ടുണ്ടെന്ന് തുറന്ന് പറയുന്നു. വെസ്റ്റ് ഇന്‍ഡീസിലെ കാലാവസ്ഥായായിരുന്നു ഇങ്ങനെ മാറി മാറി ഫുട്‌ബോളിലേക്കും ക്രിക്കറ്റിലേക്കും ടേബിള്‍ ടെന്നീസിലേക്കുമെല്ലാം ഞങ്ങളെ എത്തിച്ചത്. ഞാന്‍ കുറച്ച് മാത്രം ഫുട്‌ബോളും, ടേബിള്‍ ടെന്നീസും, കൂടുതല്‍ ക്രിക്കറ്റും കളിക്കുന്നുണ്ടെന്ന് അന്നേ തന്റെ പിതാവ് ശ്രദ്ധിച്ചിരുന്നുവെന്നും ലാറ പറയുന്നു. തന്റെ ക്രിക്കറ്റ് കരിയറിന് വേണ്ടി പിതാവ് ഒരുപാട് ത്യാഗം ചെയ്തിട്ടുണ്ടെന്നും ഐസിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ലാറ പറയുന്നു.
ഓലമടല്‍ കൊണ്ട് കളി തുടങ്ങി വിന്‍ഡിസ് ഇതിഹാസ താരത്തിന്റെ ടെസ്റ്റിലെ 400 റണ്‍സ് എന്ന സ്‌കോര്‍ ഇപ്പോഴും ആരാലും തകര്‍ക്കാനാവാതെ തുടരുകയാണ്…