തൈമാസം പിറന്താല്‍ കല്ല്യാണം, തമിഴ്‌നാട്ടില്‍ തൈമാസം പിറന്നാലാണ്, ആഘോഷങ്ങളും, കല്ല്യാണങ്ങളും നടത്തുക. പക്ഷെ ഇതിനൊരു കുഴപ്പമുണ്ട്. ഇവിടെ നടക്കുന്ന കല്ല്യാണം പ്രായപൂര്‍ത്തിയായവരുടേതല്ല, മറിച്ച് കുട്ടികളുടേതാണ്. നിരവധി ശൈശവ വിവാഹങ്ങളാണ് ഇവിടെ നടക്കുക. കൂടുതലും, ഒമ്പതു വയസു മുതല്‍ പ്രായമുള്ള പെണ്‍കുട്ടികളാണ് ഇവിടെ വിവാഹതരാകുന്നത്.
കഴിഞ്ഞ ദിവസമാണ് നാലാം ക്ലാസുകാരിയുടെ വിവാഹം 39 കാരനായ ഒരാളുമായി നടത്താനിരുന്നത്. നാട്ടുകാരുടേയും, ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരുടേയും സമയോചിതമായി ഇടപ്പെടലാണ് ഈ വിവഹം തടഞ്ഞത്. എന്നാല്‍, വിവാഹം ഉറപ്പിച്ചുവെക്കുന്നതാണെന്നും പ്രായപൂര്‍ത്തിയായാല്‍ മാത്രമേ വിവഹം നടത്തുകയുള്ളുവെന്ന് ബന്ധുക്കള്‍ അറിയിച്ചിരുന്നു.
ഇതിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കുട്ടിയെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടിയുടെ അമ്മ വിധവയായിരുന്നു, അത് കൊണ്ട് തന്നെ ബന്ധുക്കള്‍ ചേര്‍ന്ന് കുട്ടിയെ പ്രായമുള്ള ഒരു പണക്കാരന് നല്‍കുകയായിരുന്നു. ഇതുപോലെ ജനുവരിയില്‍ എട്ടു വിവാഹങ്ങള്‍ കൂടി മുടക്കിയിട്ടുണ്ടെന്നെണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം 12 ബാലവിവാഹങ്ങളാണ് തമിഴ്‌നാട്ടിലെ ട്രിച്ചിയില്‍ തടഞ്ഞത്.
തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതല്‍ ബാലവിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മധുരൈ, തിരുനെല്‍വേലി, തിരിപ്പൂര്‍, സേലം, ചെന്നൈ, ട്രിച്ചി, തേനി തുടങ്ങിയ ഇടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ശൈശവ വിവാഹം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2011-ലെ സെന്‍സസ് പ്രകാരം 65,000 കുട്ടികളാണ് തമിഴ്‌നാട്ടില്‍ വിവാഹിതരായിരിക്കുന്നത്. ഇത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്.
ഈ വര്‍ഷം ഇതുവരെയുള്ള വിവാഹങ്ങള്‍ തടയാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അറിയിച്ചു. എന്നാല്‍ എത്ര വിവാഹങ്ങള്‍ ഇവര്‍ ഉറപ്പിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും പ്രവര്‍ത്തകര്‍ അറിയിച്ചു.
ദരിദ്ര കുടുംബത്തിലാണ് ഇത്തരം ബാലവിവാഹങ്ങള്‍ നടക്കുന്നത്. ഇതില്‍ വിവാഹം കഴിക്കുന്നവരുടെ പ്രായം പെണ്‍കുട്ടിയെക്കാള്‍ നാലിരിട്ടിയുള്ളവരാണ്. പണത്തിനു വേണ്ടിയാണ് കൂടുതല്‍ വിവാഹങ്ങളും നടക്കുന്നത്. അതൊടോപ്പം തന്നെ കുട്ടികള്‍ ചൂഷണത്തിന് വിധേയമാകുകയും ചെയ്യുന്നു. ഇക്കാര്യം ജനങ്ങളെ പരമാവധി ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടും പരാജയമായിരുന്നു ഫലമെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.
പല തവണ ശൈശവ വിവാഹത്തിന്റെ പ്രശ്‌നങ്ങള്‍ മനസിലാക്കിക്കൊടുത്തിട്ടും ഇതു തന്നെയാണ് ഇവിടെ ആവര്‍ത്തിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ചൂഷണം ചെയ്യുകയാണ് ചെയ്യുന്നത്. ചിലര്‍ വിവാഹത്തിന്റെ പേരില്‍ പെണ്‍കുട്ടിയെ വില്‍ക്കുകയും ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്.