ഗോരഖ്പുരിലെ കുട്ടികളുടെ കൂട്ടമരണം: ബിആര്‍ഡി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും ഭാര്യയും അറസ്റ്റില്‍

arrest

ലക്‌നോ: ഗോരഖ്പുരിലെ ആശുപത്രിയില്‍ കുട്ടികളുടെ കൂട്ടമരണങ്ങളുമായി ബന്ധപ്പെട്ട കേസില്‍ ബിആര്‍ഡി മെഡിക്കല്‍ കോളജിലെ അന്നത്തെ പ്രിന്‍സിപ്പല്‍ ഡോ.രാജീവ് മിശ്രയും ഭാര്യ ഡോ.പുര്‍ണിമ ശുക്ലയും അറസ്റ്റിലായി.

യുപി സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സാണ് ഇവരെ അറസ്റ്റ് ചെയ്തത്. ദുരന്തത്തെ തുടര്‍ന്ന് രാജീവ് മിശ്രയെ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നും നീക്കിയിരുന്നു.

ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സംഘം ഡോ.രാജീവ് മിശ്ര, ഭാര്യ ഡോ.പുര്‍ണിമ ശുക്ല, ഡോ.കാഫീല്‍ ഖാന്‍, പുഷ്പ സെയില്‍സിന്റെ ഉടമസ്ഥര്‍ തുടങ്ങിയവര്‍ക്കെതിരേ കേസെടുക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇവരുള്‍പ്പെടെ ഒമ്പതുപേര്‍ക്കെതിരേ കുറ്റകരമായ ഗൂഢാലോചന, നരഹത്യ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണു കേസെടുത്തിരിക്കുന്നത്.

ഓക്‌സിജന്‍ ലഭിക്കാത്തതുമൂലം കുട്ടികള്‍ ശ്വാസംമുട്ടി മരിക്കുകയായിരുന്നുവെന്ന നിഗമനത്തെത്തുടര്‍ന്ന് ആശുപത്രിയിലേക്കു ഓക്‌സിജന്‍ വിതരണം ചെയ്യുന്ന പുഷ്പ സെയില്‍സ് എന്ന കമ്പനിയെയും പ്രതിസ്ഥാനത്തു നിര്‍ത്തിയിട്ടുണ്ട്. ഓക്‌സിജന്‍ സിലിണ്ടറുകള്‍ വിതരണം ചെയ്തവകയില്‍ കുടിശിക വന്നതിനെത്തുടര്‍ന്ന് കമ്പനി ഇതു നിര്‍ത്തിവച്ചിരുന്നു.

Top