പലസ്തീനില്‍ യുദ്ധത്തില്‍ പരിക്കേറ്റ കുട്ടികള്‍ക്ക് യുഎഇയില്‍ ചികിത്സ നല്‍കും

ദുബായ്: പലസ്തീനില്‍ യുദ്ധത്തില്‍ പരിക്കേറ്റ കുട്ടികള്‍ക്ക് യുഎഇയില്‍ ചികിത്സ നല്‍കും. 1000 കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്ക് ഒപ്പം യുഎഇയിലെ ആശുപത്രികളില്‍ ചികിത്സ നല്‍കാന്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നിര്‍ദേശം നല്‍കി. റെഡ് ക്രോസ്സ് ഇന്റര്‍നാഷണല്‍ പ്രസിഡന്റ് മിര്‍ജാന സ്‌പോള്‍ജാറിക്കുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഉറപ്പ് നല്‍കിയത്. ഗാസ മുനമ്പില്‍ നിന്നുള്ള കുട്ടികള്‍ക്ക് ആതിഥ്യമരുളാനും സുരക്ഷിതമായ വീട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് ചികിത്സ നല്‍കാനുമുള്ള യുഎഇയുടെ തീരുമാനം പലസ്തീന്‍ കുട്ടികള്‍ക്ക് വലിയ ആശ്വാസമാകുമെന്ന് റെഡ് ക്രോസ് പ്രതികരിച്ചു.

ഗാസ സിറ്റിയിലെ അല്‍-ഖുദ്സ് ആശുപത്രിക്ക് സമീപം വ്യാഴാഴ്ച പുലര്‍ച്ചെ വലിയ സ്ഫോടന ശബ്ദം കേട്ടതായി പലസ്തീന്‍ റെഡ് ക്രസന്റ് അറിയിച്ചു. ഉടന്‍ തന്നെ ആശുപത്രി ഒഴിയണമെന്ന് ഇസ്രായേലി അധികൃതര്‍ മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. രോഗികളെ ആശുപത്രിയില്‍ നിന്ന് മാറ്റാന്‍ കഴിയില്ലെന്ന് യുഎന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പിന്നാലെയാണ് സ്‌ഫോടനമുണ്ടായതെന്ന് റെഡ് ക്രസന്റ് അറിയിച്ചു. ഇതുവരെ 8500ലേറെ പലസ്തീനിയന്‍ പൗരന്മാരാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 40ശതമാനത്തിലേറെ കുട്ടികളാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ 1400ലേറെപ്പേരും കൊല്ലപ്പെട്ടു.

അതേസമയം, ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. ഗാസയിലെ ജബാലിയ അഭയാര്‍ഥി ക്യാമ്പിന് നേരെ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 195 ഫലസ്തീനികള്‍ കൊല്ലപ്പെട്ടുവെന്ന് ഹമാസ് സര്‍ക്കാര്‍ വ്യക്തമാക്കി. ആക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ട്. ഇസ്രയേല്‍ അക്രമണം തുടരുന്നതിനിടെ. കൂടുതല്‍ വിദേശികള്‍ വ്യാഴാഴ്ച ഗാസ മുനമ്പ് വിടാന്‍ തയ്യാറായി. റഫാ അതിര്‍ത്തിയിലൂടെ ?ഗുരുതരമായി പരിക്കേറ്റ പലസ്തീന്‍ കാരും 320 വിദേശ പൗരന്മാരും ബുധനാഴ്ച ഈജിപ്തിലേക്ക് കടന്നു.

 

Top