കുട്ടികളെ സ്‌കൂളില്‍ പൂട്ടിയിട്ട സംഭവം ; വിശദീകരണവുമായി സ്‌കൂള്‍ അധികൃതര്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്‌കൂള്‍ ഫീസ് അടച്ചുതീര്‍ക്കാത്ത വിദ്യാര്‍ത്ഥികളെ അഞ്ച് മണിക്കൂര്‍ മുറിയില്‍ പൂട്ടിയിട്ട സംഭവത്തില്‍ വിശദീകരണവുമായി സ്‌കൂള്‍ അധികൃതര്‍. സ്‌കൂള്‍ ബെയ്‌സ്‌മെന്റ് കുട്ടികളുടെ കളിസ്ഥലമാണെന്നും അവിടെ കുട്ടികളെ കളിക്കാനയച്ചതുമാണ്. ആ സമയത്ത് കുട്ടികളെ നോക്കാനായി രണ്ട് അധ്യാപകരെ അയച്ചിരുന്നുവെന്നുമാണ് സ്‌കൂളിന്റെ വാദം.

സംഭവത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ റിപ്പോര്‍ട്ട് നേടിയതിന് പിന്നാലെ ഡല്‍ഹി വനിതാ കമ്മീഷനും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു ഇതേ തുടര്‍ന്നാണ് വിശദീകരണവുമായി സ്‌കൂള്‍ അധികൃതര്‍ എത്തിയിരിക്കുന്നത്. ഡല്‍ഹി പൊലീസിനോടും വിദ്യാഭ്യാസ വകുപ്പിനോടുമാണ് സംഭവങ്ങളുടെ നിജസ്ഥിതി സ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഫീസ് അടയ്ക്കാനുള്ള തീയതി അവസാനിച്ചിട്ടും രക്ഷിതാക്കള്‍ പണം എത്തിക്കാത്തതിന്റെ പേരിലാണ് അധികൃതര്‍ കുട്ടികളെ സ്‌കൂളിലെ ബേസ്‌മെന്റിലെ മുറിയില്‍ പൂട്ടിയിട്ടത്. രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 12.30വരെ കുട്ടികളെ മുറിയില്‍ പൂട്ടിയിടുകയായിരുന്നെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. ഈ സമയത്ത് അന്തരീക്ഷത്തില്‍ 40 ഡിഗ്രി താപനിലയായിരുന്നെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. നാലും അഞ്ചും വയസ്സ് മാത്രം പ്രായമുള്ള 16 പെണ്‍കുട്ടികളെയാണ് പൂട്ടിയിട്ടത്.

സംഭവത്തില്‍ രക്ഷിതാക്കളുടെ നേതൃത്വത്തില്‍ പൊലീസിന് പരാതി നല്‍കിയിരുന്ന് തുടര്‍ന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ കുട്ടികളെ സന്ദര്‍ശിച്ചു.

Top