തിരുവനന്തപുരം: എല്ലാതരത്തിലുള്ള ലഹരികളോടും ‘നോ’ പറയാന്‍ കുട്ടികളെ പഠിക്കണമെന്ന് എക്‌സൈസ് മന്ത്രി എം.ബി രാജേഷ്. രക്ഷകര്‍ത്താക്കളും അധ്യാപകരും ഇതിനായി കുട്ടികളെ പ്രാപ്തരാക്കണം. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനാചരണത്തോടനുബന്ധിച്ച് വിമുക്തി മിഷന്‍, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ബോധവത്കരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വെഞ്ഞാറമൂട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരി ഒരു മാരകവിപത്തായി നമുക്ക് ചുറ്റുമുണ്ടെന്നും അത് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത് കുട്ടികളെയാണെന്നും മന്ത്രി പറഞ്ഞു. പ്രലോഭനങ്ങളിലൂടെ കുട്ടികളെ ലഹരിക്കടിമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതിനാല്‍തന്നെ കുട്ടികളുടെ പെരുമാറ്റത്തിലുണ്ടാകുന്ന അസാധാരണത്വം രക്ഷകര്‍ത്താക്കളും അധ്യാപകരും ശ്രദ്ധിക്കണം. ലഹരി ഉപയോഗത്തിലെ ചതിക്കുഴികള്‍ കുട്ടികള്‍ തിരിച്ചറിയണമെന്നും സഹപാഠികളാരെങ്കിലും ലഹരി ഉപയോഗിക്കുന്നതായോ, അപരിചിതരുമായി ഇടപഴകുന്നതായോ ശ്രദ്ധയില്‍പ്പെട്ടാല്‍ അക്കാര്യം അധ്യാപകരെ അറിയിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
വിദ്യാലയങ്ങളില്‍ ലഹരിക്കെതിരായ ജാഗ്രതാ സമിതികള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അധ്യാപകരും ജനപ്രതിനിധികളും ഉറപ്പുവരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പോലീസും എക്‌സൈസും ബോധവത്കരണത്തിനൊപ്പം ലഹരി ഉപയോഗത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ ലഹരി വില്‍ക്കുന്നവരുടെയും സംശയകരമായ സാഹചര്യത്തിലുള്ളവരുടെയും ഡാറ്റാ ബേസ് തയാറാക്കിയിട്ടുണ്ട്. ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ കക്ഷിരാഷ്ട്രീയഭേദ്യമന്യേ എല്ലാവരും രംഗത്തിറങ്ങണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മയക്കുമരുന്ന് വിരുദ്ധദിനത്തിന്റെ ഭാഗമായി ജൂലായ് ഒന്നുവരെ നീണ്ടുനില്‍ക്കുന്ന പ്രചാരണ-ബോധവത്കരണ പരിപാടികളാണ് വിമുക്തി മിഷന്റെ നേതൃത്വത്തില്‍ നടക്കുന്നത്. ‘ആളുകള്‍ ആദ്യം, അപമാനവും വിവേചനവും നിറുത്തുക, പ്രതിരോധം ശക്തിപ്പെടുത്തുക’ എന്നതാണ് ഇത്തവണത്തെ പ്രമേയം. കുട്ടികള്‍ മയക്കുമരുന്നിന്റെ കെണിയില്‍ അകപ്പെടാതിരിക്കാന്‍ ആവശ്യമായ കരുതല്‍ സ്വീകരിക്കുന്നതിനായി രക്ഷാകര്‍ത്താക്കള്‍ക്ക് ബോധവത്കരണ ക്ലാസുകള്‍ നല്‍കും. വിദ്യാലയങ്ങളില്‍ പ്രത്യേക അസംബ്ലി ചേര്‍ന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയും വിവിധ യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള ടീമുകളെ പങ്കെടുപ്പിച്ച് സംവാദ മത്സരവും നടത്തുന്നുണ്ട്.