തിരുവനന്തപുരം: അവധിക്കാലത്ത് സര്‍ക്കാര്‍ ഓഫീസുകളിലേക്ക് ജീവനക്കാരുടെ മക്കളെ കൊണ്ടുവരുന്നത് വിലക്കാനൊരുങ്ങി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. മക്കളെ ഓഫീസില്‍ കൊണ്ടുവരുന്നത് പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് നടപടി. ഉത്തരവിറങ്ങി 30 ദിവസത്തിനുള്ളില്‍ ആക്ഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി മോഹന്‍ദാസ് നിര്‍ദേശം നല്‍കി.
മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഷെഫിന്‍ കവടിയാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി. ഓഫീസ് സമയത്ത് ജീവനക്കാരുടെ സീറ്റുകളില്‍ കുട്ടികള്‍ കയറിയിരുന്ന് കംപ്യൂട്ടര്‍ ഉപയോഗിക്കുന്ന സാഹചര്യം നിലവിലുണ്ട്. പടം വരക്കാനും മറ്റുമായി ഫയല്‍ ബോര്‍ഡുകളും പേപ്പറുകളും ഉപയോഗിക്കുന്നതായും പരാതിയില്‍ പറയുന്നു.
അവധിക്കാലത്ത് കുട്ടികളെ ഓഫീസില്‍ കൊണ്ടുവരുന്നതിന് പകരം അവരുടെ സര്‍ഗാത്മകതയെ പരിപോഷിപ്പിക്കുകയാണ് മാതാപിതാക്കള്‍ ചെയ്യേണ്ടതെന്ന് കമ്മീഷന്‍ വിലയിരുത്തി. അതേസമയം എല്ലാ മാതാപിതാക്കളും കുട്ടികളെ ഓഫീസില്‍ കൊണ്ടുവരാറില്ലെന്ന് എന്‍ജിഒ യൂണിയന്‍ ജനറല്‍ സെക്രട്ടറി ടി സി മാത്യുക്കുട്ടി പ്രതികരിച്ചു. എന്തടിസ്ഥാനത്തിലാണ് കമ്മീഷന്റെ നിര്‍ദേശമെന്ന് മനസ്സിലാകുന്നില്ല. ഏതെങ്കിലും ഒറ്റപ്പെട്ട സംഭവത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാവരെയും വിമര്‍ശിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.