കുട്ടികളുടെ രണ്ടാമത്തെ ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം ; ഉദ്ഘാടന ചിത്രം ഉയരെ

തിരുവന്തപുരം: കുട്ടികളുടെ രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം. ചലച്ചിത്ര അക്കാദമിയും ചലച്ചിത്ര വികസനകോര്‍പ്പറേഷനുമായി ചേര്‍ന്ന് ശിശുക്ഷേമസമിതി സംഘടിപ്പിക്കുന്ന കുട്ടികളുടെ രണ്ടാമത് ചലച്ചിത്രോത്സവം തിരുവന്തപുരത്ത് വെച്ചാണ് നടക്കുന്നത്. ഏഴ് ദിവസം നീണ്ടു നില്‍ക്കുന്ന ചലച്ചിത്രോത്സവം ഈ മാസം പതിനാറിന് സമാപിക്കും. ആറ് തീയറ്ററുകളിലായി നൂറ്റി അറുപതോളം ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.

ചലച്ചിത്രോത്സവം ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ മുഖ്യാതിഥി ആയിരിക്കും.

ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി എന്ന പെണ്‍കുട്ടിയുടെ കഥ പറയുന്ന നവാഗതനായ മനു അശോകന്‍ സംവിധാനം ചെയ്ത ഉരെയാണ് ഉദ്ഘാടനചിത്രം.

സംസ്ഥാനത്തെ ആദിവാസി മേഖല,അനാഥാലയങ്ങള്‍,ചേരിപ്രദേശങ്ങള്‍ എന്നിവടങ്ങളിലെ കുട്ടികള്‍ക്ക് മേളയില്‍ പങ്കെടുക്കാന്‍ ശിശുക്ഷേമ സമിതി സൗകര്യമൊരുക്കിയിട്ടുണ്ട്.

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്ന ഈ സാഹചര്യത്തില്‍ അവരുടെ സംരക്ഷണവും സുരക്ഷയും മുന്‍നിര്‍ത്തി ‘അരുമകളാണ് മക്കള്‍ അവരുടെ സംരക്ഷണവും സുരക്ഷയും സമൂഹത്തിന്റെ കടമ’ എന്ന സന്ദേശമുയര്‍ത്തിയാണ് കുട്ടികളുടെ രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്.

Top