വാഷിങ്ടണ്‍: ഉത്തര കൊറിയയെ സഹായിച്ച ചൈനയ്ക്കും റഷ്യയ്ക്കും എട്ടിന്റെ പണി നല്‍കി അമേരിക്ക.
ഉത്തര കൊറിയയുമായി സഹകരിക്കുന്ന 12 റഷ്യന്‍, ചൈനീസ് കമ്പനികള്‍ക്ക് വിലക്കേര്‍പ്പെടുത്തി കൊണ്ടാണ് അമേരിക്ക ഇരു രാജ്യങ്ങള്‍ക്കുമെതിരെ പരോക്ഷമായ പ്രഹരം നടത്തിയത്.
ഇനി വിലക്ക് ഏര്‍പ്പെടുത്തിയ കമ്പനികളുമായി അമേരിക്കന്‍ പൗരന്മാര്‍ക്കോ കമ്പനികള്‍ക്കോ സഹകരിച്ചു പ്രവര്‍ത്തിക്കാനാകില്ല.
ഓഗസ്റ്റ് അഞ്ചിന് ഐക്യരാഷ്ട്ര രക്ഷാസമിതി പാസാക്കിയ ഉത്തര കൊറിയയ്‌ക്കെതിരായ ഉപരോധ പ്രമേയത്തിലൂന്നിയാണ് ഇത്തരമൊരു നടപടിയെന്നാണ് യുഎസിന്റെ വിദശീകരണം.
ഉത്തര കൊറിയയെ ‘പരമാവധി സമ്മര്‍ദ്ദത്തിലാക്കുക’ എന്നതാണ് ഉദ്ദേശിക്കുന്നതെന്നും യുഎസ് വക്താവ് പറഞ്ഞു.
ജൂലൈ നാലിനും 28നുമായി നടത്തിയ ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷണങ്ങളാണ് ഏറ്റവുമൊടുവില്‍ ഉത്തര കൊറിയയെ ഭീതികേന്ദ്രമാക്കിയത്. പടിഞ്ഞാറന്‍ അമേരിക്ക മുഴുവന്‍ പ്രഹരപരിധിക്കുള്ളിലാക്കാന്‍ ശേഷിയുള്ളതാണ് ഇതില്‍ രണ്ടാമത്തെ മിസൈല്‍. അമേരിക്കയെ മാത്രമല്ല, ലോകത്തിലെ മറ്റു പല ജനവാസ കേന്ദ്രങ്ങളെയും ലക്ഷ്യം വയ്ക്കാവുന്നതാണ് ഈ മിസൈല്‍ എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കൂടാതെ, യുഎസിന്റെ ഗുവാം ദ്വീപ് തകര്‍ക്കുമെന്നും ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് യുഎന്‍ പ്രമേയം അവതരിപ്പിച്ചത്.
ആധുനിക കാലത്ത് ഏതെങ്കിലുമൊരു രാജ്യത്തിനുമേല്‍ ഏര്‍പ്പെടുത്തിയ ഏറ്റവും ശക്തമായ ഉപരോധമെന്നാണ് പ്രമേയത്തെ യുഎസ് വിശേഷിപ്പിച്ചത്.
യുഎന്‍ പ്രമേയത്തിനുശേഷം യുഎസ് യാതൊരുതരത്തിലും ഉത്തര കൊറിയയെ പ്രകോപിപ്പിച്ചിട്ടില്ലെന്നു സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ വ്യക്തമാക്കി. മിസൈല്‍ പരീക്ഷണങ്ങളോ, പ്രകോപന പ്രസംഗങ്ങളോ ഉണ്ടായിട്ടില്ല. ഭാവിയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചയുണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഇതേത്തുടര്‍ന്ന്, യുഎസിന്റെ തീരുമാനത്തില്‍ ചൈന അതൃപ്തി രേഖപ്പെടുത്തി.