പാക്ക് സമാധാന ശ്രമങ്ങളെ പിന്തുണച്ച് ചൈന; ഇന്ത്യയുമായി ചര്‍ച്ച വേണം!

ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ ചര്‍ച്ചകളിലൂടെയുള്ള സമാധാന ശ്രമങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നതായാണ് ചൈന കഴിഞ്ഞ ദിവസം നിലപാട് വ്യക്തമാക്കിയത്. പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ കഴിഞ്ഞ ദിവസം ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് തൊട്ടു പിന്നാലെയാണ് ഇന്ത്യയെക്കൂടി പ്രത്യക്ഷത്തില്‍ ബാധകമായ നിലപാടുകള്‍ ഇരു രാജ്യങ്ങളും കൈക്കൊണ്ടത്.

ഇന്ത്യയുമായി നില്‍ക്കുന്ന വലിയ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് എല്ലാവിധ പിന്തുണയും നല്‍കുന്നു എന്നാണ് കശ്മീര്‍ പ്രശ്‌നം എടുത്തു പറയാതെ പുറത്തുവിട്ട സംയുക്ത പ്രസ്ഥാവനയില്‍ വ്യക്തമാക്കുന്നത്.

2016ല്‍ പാക്കിസ്ഥാന്‍ തീവ്രവാദ സംഘടനകള്‍ ഇന്ത്യയില്‍ നടത്തിയ ഭീകരവാദ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യ-പാക്ക് പ്രശ്‌നങ്ങള്‍ വീണ്ടും ഗുരുതരമാകുന്നത്. തുടര്‍ന്ന് ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പ്രശ്‌നങ്ങള്‍ വീണ്ടും വഷളാക്കി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യ-പാക്ക് പ്രശ്‌നത്തില്‍ ചൈന ഒരു നിലപാട് എടുത്തിരുന്നില്ല. എന്നാല്‍, ചര്‍ച്ചകളിലൂടെ പ്രശ്‌ന പരിഹാരം നടത്താമെന്നാണ് ഇപ്പോഴത്തെ ചൈനയുടെ നിലപാട്.

കശ്മീര്‍ വിഷയത്തില്‍ സമാധാനപരമായി ചര്‍ച്ചകള്‍ നടത്തണമെന്ന് ചൈന ആവര്‍ത്തിക്കുന്നു. ഇന്ത്യയും ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരം നടത്തണമെന്ന് ആഗ്രഹിക്കുന്ന രാജ്യമാണ്. എന്നാല്‍, ഭീകരവാദവും സമാധാന ചര്‍ച്ചകളും ഒന്നിച്ചു കൊണ്ടു പോകാന്‍ കഴിയില്ലെന്നും രാജ്യം പറഞ്ഞു.

സാര്‍ക്ക് സംഘടനയില്‍ ചൈനയുടെ പ്രാധിനിത്യത്തെയും പാക്കിസ്ഥാന്‍ പിന്താങ്ങുന്നു. തിരിച്ച് ചൈനയും എന്‍എസ്ജി മെമ്പര്‍ഷിപ്പിനുള്ള പാക്കിസ്ഥാന്‍ ശ്രമങ്ങളെ പിന്തുണയ്ക്കുന്നു.

ഇന്ത്യയെ പിന്തുണയ്ക്കുന്നത് അമേരിക്ക അടക്കമുള്ള കിഴക്കന്‍ രാജ്യങ്ങളാണ്. എന്‍പിറ്റി ഉടമ്പടിയില്‍ ഒപ്പുവയ്ക്കുന്നവര്‍ക്ക് മാത്രമേ പുതുതായി അംഗത്വം നല്‍കാവൂ എന്ന ചൈനീസ് നിലപാട് ഇന്ത്യയുടെ അംഗത്വത്തെ കൂടുതല്‍ ശ്രമകരമാക്കുന്നു.

പാക്ക് സര്‍ക്കാര്‍ സ്വീകരിക്കുന്ന ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സാമ്പത്തികമായ പിന്തുണയും ചൈന വാഗ്ദാനം ചെയ്യുന്നു.

Top