പാംഗോങ് തടാകത്തിനടുത്ത് മലനിരകളില്‍ ചൈന താത്കാലിക കെട്ടിടങ്ങളും നിര്‍മിച്ചു

ന്യൂഡല്‍ഹി: ലഡാക്കിലെ പാംഗോങ് തടാകത്തോടു ചേര്‍ന്നുള്ള മലനിരകളില്‍ ചൈന താല്‍കാലിക കെട്ടിടങ്ങള്‍ നിര്‍മിച്ചതായി ഉപഗ്രഹദൃശ്യങ്ങള്‍. പാംഗോങ്ങില്‍ നിന്ന് ഉടനെങ്ങും പിന്‍മാറില്ലെന്ന സന്ദേശമാണ് ഇതിലൂടെ ചൈന നല്‍കുന്നത്. പ്രദേശത്ത് ഇന്ത്യയും സേനാ സന്നാഹം ഗണ്യമായി വര്‍ധിപ്പിച്ചു. സേനാ വാഹനങ്ങളും ആയുധങ്ങളുമടക്കമുള്ള സന്നാഹങ്ങളുമായി ഇത്രയും അടുത്ത് ഇരു സേനകളും നേര്‍ക്കുനേര്‍ നിലയുറപ്പിച്ചിരിക്കുന്നത്.

ഇതിനിടെ, വ്യോമസേനയില്‍ പുതുതായി ചേര്‍ന്ന സേനാംഗങ്ങളെ അതിര്‍ത്തിയോടു ചേര്‍ന്നുള്ള മുന്‍നിര താവളങ്ങളിലേക്ക് അയയ്ക്കാന്‍ തീരുമാനിച്ചു. ഹൈദരാബാദിനു സമീപം ദുന്ദിഗല്‍ സേനാ അക്കാദമിയിലെ പാസിങ് ഔട്ട് പരേഡ് വീക്ഷിച്ച ശേഷം സേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ്. ഭദൗരിയ ആണ് ഇക്കാര്യം അറിയിച്ചത്.

സാധാരണനിലയില്‍ അക്കാദമിയില്‍ നിന്ന് പാസായതിനു ശേഷമുള്ള ഏതാനും ആഴ്ചകളുടെ അവധി റദ്ദാക്കിയാണ്, എത്രയും വേഗം അതിര്‍ത്തിയിലേക്കു നീങ്ങാനുള്ള നിര്‍ദേശം.

Top