ബെയ്‌ജിംഗ്: പുതിയ മിസൈൽ സംവിധാനം വിജയകരമായി പരീക്ഷിച്ചത് പ്രതിരോധ മേഖലയ്ക്ക് ശക്തിപകരനാണെന്നും ഇതിനാൽ ലോക രാജ്യങ്ങൾക്ക് ഭീഷിണിയില്ലെന്നും ചൈന. കഴിഞ്ഞ ദിവസം ചൈന ആന്റി മിസൈൽ ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കിയിരുന്നു.
പരീക്ഷണം ചൈനയുടെ അതിർത്തിക്കുള്ളിലാണെന്നും പ്രതിരോധ പദ്ധതികളുടെ ഭാഗമായാണു പരീക്ഷണമെന്നും പ്രതിരോധമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. എന്നാൽ പരീക്ഷണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ചൈന വ്യക്തമാക്കിയിട്ടില്ല.
ചൈനീസ് സൈന്യത്തിന്റെ ആധുനികവൽക്കരണം ഉൾപ്പെടെയുള്ളവയ്ക്കു വൻ പ്രധാന്യമാണു പ്രസിഡന്റ് ഷീ ജിൻപിങ്ങിന്റെ നേതൃത്വത്തിലുള്ള ഭരണകുടം ലക്ഷ്യമാക്കുന്നത്. ബഹിരാകാശത്തു സ്ഥിതി ചെയ്യുന്ന ഉപഗ്രഹങ്ങളെ വരെ തകർക്കാൻ കഴിവുള്ള മിസൈലുകളും ആണവ ബാലിസ്റ്റിക് മിസൈലുകളും വികസിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങൾ നടത്തികൊണ്ടിരിക്കുകയാണ് ചൈന നിലവിൽ.
എന്നാൽ ദക്ഷിണ കൊറിയയിൽ താഡ് (ടെർമിനൽ ഹൈ ഓൾറ്റിറ്റ്യൂഡ് ഏരിയ ഡിഫെൻസ് – ടിഎച്ച്എഎഡി) മിസൈൽവേധ സംവിധാനം അമേരിക്ക സ്ഥാപിച്ചതിനെതിരെ ചൈനയും റഷ്യയും നിരന്തരമായി എതിർത്തു വരികയാണെങ്കിലും ഇത്തരം സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിൽ നിന്നു ചൈന പിന്നോട്ടില്ലെന്ന സൂചനയാണു പുതിയ പരീക്ഷണം സൂചിപ്പിക്കുന്നത്
റഷ്യയും ഇത്തരം മിസൈൽവേധ സംവിധാനങ്ങൾ വികസിപ്പിക്കുന്നുണ്ട്. അതിശക്തമായ റഡാർ സംവിധാനമുള്ള താഡിനു തങ്ങളുടെ അധീനതയിലുള്ള പ്രദേശങ്ങളെ നിരീക്ഷിക്കാൻ കഴിയുമെന്ന ആശങ്കയാണ് ചൈനയുടെ എതിർപ്പിന് കാരണം.