ബെയ്ജിങ് ∙ ഫലപ്രാപ്തിയും സുരക്ഷയും ഉറപ്പാകുന്നതിനു മുൻപുതന്നെ ചൈനീസ് വാക്‌സീന്‍ അംഗീകരിക്കാൻ മറ്റു രാജ്യങ്ങൾക്കു മേൽ സമ്മർദം ചെലുത്തിയ ചൈന പുതിയ തന്ത്രവുമായി രംഗത്ത്. ചൈന നിർമിക്കുന്ന കോവിഡ് വാക്സീൻ കുത്തിവച്ചാൽ മാത്രമേ ഇന്ത്യക്കാർ അടക്കമുള്ള വിദേശികൾക്ക് ചൈനയിലേക്കു വീസ അനുവദിക്കൂ. ജോലിക്കും പഠനത്തിനുമായി ചൈനയിലേക്കു പോകുന്ന മറ്റു രാജ്യക്കാർ ഇനി ചൈനീസ് വാക്സീൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കേണ്ടി വരും. മറ്റു രാജ്യങ്ങളുടെ വാക്സീനുകളൊന്നും ചൈന അംഗീകരിക്കുന്നില്ല.
കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ മാർച്ച് മുതൽ വിദേശികൾക്ക് ചൈന വീസ അനുവദിക്കുന്നില്ല. ഇപ്പോൾ ചൈനയിൽ കോവിഡ് നിയന്ത്രണ വിധേയമാണ്. വീസ നടപടികൾ വേഗത്തിലാക്കുമെന്നും ചൈനീസ് വാക്സീൻ സ്വീകരിക്കുന്നവർക്കു മാത്രമായിരിക്കും ചൈനയിലേക്കു പ്രവേശനമെന്നും ചൈനീസ് എംബസികൾ ഇന്ത്യ, അമേരിക്ക, പാക്കിസ്ഥാന്‍ എന്നിവയടക്കം 20 ഓളം രാജ്യങ്ങളെ അറിയിച്ചിട്ടുണ്ട്.ഇന്ത്യയിൽ ഇതുവരെ ചൈനീസ് വാക്സീൻ ലഭ്യമല്ല. ചൈനീസ് വാക്സീൻ വിതരണത്തിന് ഇന്ത്യൻ സർക്കാരിന് പദ്ധതിയുമില്ല. ഈ സാഹചര്യത്തിൽ തൊഴിലിനും പഠനത്തിനുമായി ചൈനയിലേക്കു പോകേണ്ട ഇന്ത്യക്കാരുടെ നില പരുങ്ങലിലായി. നിലവിൽ 23000 ത്തോളം ഇന്ത്യൻ വിദ്യാർഥികളാണ് ചൈനയിലേക്കു മടങ്ങാനാവാതെ വിഷമിക്കുന്നത്.
ചൈനയിൽ ജോലി ചെയ്യുന്നവർ, അവിടെ കുടുങ്ങിയ കുടുബാംഗങ്ങളെ കാണാൻ പോകുന്നവർ, ബിസിനസ് യാത്രക്കാർ തുടങ്ങിയവർക്കാണ് നിലവിൽ വീസ അനുവദിക്കുക. അപേക്ഷ സമർപ്പിക്കുന്നതിനു 14 ദിവസം മുൻപ് ചൈനീസ് വാക്സീൻ സ്വീകരിച്ചാൽ മാത്രമേ വീസ അനുവദിക്കൂ. ഒരു ഡോസ് വാക്സീൻ എങ്കിലും സ്വീകരിച്ചിരിക്കണമെന്നാണ് പുതിയ വ്യവസ്ഥ.
ചൈനീസ് വാക്സീനു രാജ്യാന്തര തലത്തിൽ അംഗീകാരം ലഭിക്കാനുള്ള കുറുക്കുവഴിയല്ല ഇതെന്നും ചൈനീസ് വാക്സീൻ എടുക്കാത്തവർക്ക് പ്രവേശനം അനുവദിക്കാവില്ലെന്നും ഇന്ത്യൻ എംബസിയുടെയും വിദ്യാർഥികളുടെയും നിരന്തര അഭ്യർഥനയെ തുടർന്നാണ് വീസ അനുവദിക്കാൻ തീരുമാനിച്ചതെന്നും ചൈന വിശദീകരിക്കുന്നു. എന്നാൽ ചൈനീസ് വാക്സീൻ ലഭ്യമല്ലാത്ത രാജ്യങ്ങളിലുള്ളവർ എങ്ങനെ അതു സ്വീകരിക്കുമെന്നതിനെ കുറിച്ച് വിശദീകരണമില്ല.