ബീജിംഗ്: ബ്രിക്‌സില്‍ പാകിസ്താനെ ഭീകരതയുടെ ‘മാതൃത്വം’ എന്നു വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ ചൈന. ഏതെങ്കിലും രാജ്യത്തെ മതത്തിന്റേയോ തീവ്രവാദത്തിന്റേയോ പേരില്‍ ബന്ധിപ്പിക്കുന്നത് ശരിയല്ലെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവ ചുനിയിംഗ് പറഞ്ഞു.
പാകിസ്താനെയെന്നല്ല. ഒരു രാജ്യത്തേയും ഭീകരതയുമായോ, മതവുമായോ ബന്ധിപ്പിക്കുന്നതിന് ചൈന എതിരാണ്. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ചൈനയുടെ നിലപാടിന് മാറ്റമൊന്നുമില്ലെന്ന് ഹുവ ചുനിയിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
ഇത്തരത്തില്‍ വിശേഷിപ്പിക്കുന്നതിന് മുമ്പ് ഭീകരതയ്‌ക്കെതിരെ പാകിസ്താന്‍ നടത്തിയ പോരാട്ടങ്ങളും ത്യാഗങ്ങളും അന്താരാഷ്ട്ര സമൂഹം ഈയവസരത്തില്‍ വിസ്മരിക്കരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഏത് തരത്തിലുള്ള ഭീകരതയും എതിര്‍ക്കപ്പെടേണ്ടതാണ്.ലോകരാജ്യങ്ങളുടെ സുരക്ഷയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ തന്നെ കൂട്ടായ പരിശ്രമമാണ് വേണ്ടത്. അതിനാല്‍ തന്നെ പാകിസ്താനെ മാത്രം പേരെടുത്ത് പറഞ്ഞ് കുറ്റപ്പെടുത്തുന്നത് ശരിയല്ല. പാകിസ്ഥാന്‍ ചൈനയുടെ നല്ല സുഹൃത്താണ് ഹുവ പറഞ്ഞു.
ഇന്ത്യയ്‌ക്കെതിരായ ഭീകരതയ്ക്ക് പാകിസ്താന്റെ സ്വന്തം മണ്ണിനെ ഉപയോഗിക്കുന്നതായും ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതായും മോദി ആരോപിച്ചതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഇന്ത്യയുടെ ആശങ്ക മനസിലാക്കുന്നു എന്നായിരുന്നു ഹുവയുടെ മറുപടി.
ഇന്ത്യയും പാകിസ്താനും അയല്‍രാജ്യങ്ങളാണ്. അവര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ രമ്യമായി പരിഹരിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്നും ചൈന വ്യക്തമാക്കി.