അരുണാചല്‍ ഇല്ലാത്ത ‘മാപ്പ്’ വേണ്ട; 30000 മാപ്പുകള്‍ നശിപ്പിച്ച് ചൈന

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിനെ ഇന്ത്യയുടെ ഭാഗമാക്കി രേഖപ്പെടുത്തിയ മാപ്പുകള്‍ നശിപ്പിച്ച് ചൈന. ഇത്തരത്തിലുള്ള 30000ത്തില്‍ പരം ലോകമാപ്പുകളാണ് ചൈന നശിപ്പിച്ചത്. അരുണാചലിനെ ചൈനീസ് അതിര്‍ത്തിക്കകത്ത് രേഖപ്പെടുത്താതിരുന്നതാണ് മാപ്പുകള്‍ നശിപ്പിക്കാന്‍ കാരണം. അരുണാചലിന് പുറമെ, തായ്‌വാനും മാപ്പില്‍ ചൈനയുടെ ഭാഗമായിരുന്നില്ല. ഇതും പ്രകോപനത്തിന് കാരണമായി.

അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലൊന്നാണ്. എന്നാല്‍ ഇത് ദക്ഷിണ ടിബറ്റിന്റെ ഭാഗമാണെന്നാണ് ചൈനയുടെ വാദം. ഇന്ത്യയിലെ രാഷ്രീയ നേതാക്കള്‍ അരുണാചല്‍പ്രദേശ് സന്ദര്‍ശിക്കുന്നതിനെ ചൈന നിരന്തരം വിമര്‍ശിക്കുന്നുണ്ട്.ഇന്ത്യയുടെ സമ്പൂര്‍ണാധികാരമുള്ള പ്രദേശമാണ് അരുണാചല്‍പ്രദേശ് എന്നും അതിനെ ഒരിക്കലും അന്യാധീനപ്പെടുത്തുവാന്‍ സാധ്യമല്ലെന്നു വിവിധ കേന്ദ്ര സര്‍ക്കാരുകള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലേക്ക് സന്ദര്‍ശനം നടത്തുന്നതു പോലെ തന്നെയാണ് അരുണാചല്‍പ്രദേശിലേക്കും നേതാക്കന്മാര്‍ പോകുന്നതെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.

അതേസമയം ഭൂപട മാര്‍ക്കറ്റില്‍ ചൈന ചെയ്തതെല്ലാം തികച്ചും നിയമാനുസൃതവും ആവശ്യകതയുള്ളതുമാണെന്ന് ഇന്റര്‍നാഷണല്‍ ലോ ഓഫ് ചൈന ഫോറിന്‍ അഫയേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ പ്രഫസര്‍ ലിയു വെന്‍സോംഗ് അവകാശപ്പെടുന്നു. പരമാധികാരം ഒരു രാജ്യത്തിന് ഏറ്റവും പ്രധാനപ്പെട്ടതാണ് എന്നതാണ് ഇതിനു കാരണമായി ലിയു വെന്‍സോംഗ് ചൂണ്ടിക്കാട്ടുന്നത്.

Top