ബെയ്ജിങ്: കഴിഞ്ഞ ഒരു മാസമായി പൊതുവേദികളില്‍ നിന്ന് അപ്രത്യക്ഷനായ ചൈനീസ് വിദേശകാര്യമന്ത്രി ചിന്‍ ഗാങ്ങിനെ ചൈന നീക്കി. മുന്‍ വിദേശകാര്യമന്ത്രി വാങ് യിയെ തല്‍സ്ഥാനത്തു പ്രതിഷ്ഠിച്ചു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഉദിച്ചുയരുന്ന താരം കൂടിയായ ചിന്‍ ഗാങ് (57) എവിടെ എന്ന ചോദ്യത്തിനു മറുപടിയില്ല. ‘ചിന്‍ ഗാങ്ങിനെ നീക്കുകയും വാങ് യിയെ വിദേശകാര്യമന്ത്രിയായി നിയമിക്കുകയും ചെയ്തു’ എന്നു മാത്രമാണു ചൈനയുടെ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. പാര്‍ലമെന്റായ നാഷനല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ സ്ഥിരം സമിതിയുടേതാണു തീരുമാനം.
പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന ചിന്‍ ഗാങ് ചുമതലയേറ്റശേഷം ആറുമാസം പിന്നിടുന്നതേയുള്ളു. ഭരണനേതൃത്വത്തിലെ കിടമത്സരമാണു മറനീക്കിയതെന്ന വിലയിരുത്തലുമുണ്ട്. കാര്യങ്ങള്‍ തുറന്നടിച്ചുപറയുന്ന ശീലവും വിനയായെന്നു പറയുന്നു. യുഎസില്‍ അംബാസഡര്‍ ആയിരുന്ന ചിന്‍ കഴിഞ്ഞ ഡിസംബറിലാണ് വിദേശകാര്യമന്ത്രിയായത്. ചുമതലയേറ്റശേഷം ആദ്യം പോയതു ഡല്‍ഹിയില്‍ ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായിരുന്നു. ജൂണ്‍ 25ന് ആണ് അവസാനം പുറത്തുകണ്ടത്. നയതന്ത്ര പ്രതിനിധികളുടെ യോഗത്തില്‍ അദ്ദേഹത്തിന്റെ അസാന്നിധ്യം ‘ആരോഗ്യപരമായ കാരണങ്ങളാല്‍’ എന്ന് ഔദ്യോഗിക വിശദീകരണമുണ്ടായി. പിന്നാലെ ഔദ്യോഗിക വെബ്‌സൈറ്റില്‍നിന്ന് അദ്ദേഹത്തിന്റെ വിവരങ്ങളും അപ്രത്യക്ഷമായി.
തയ്വാന്‍ പ്രശ്‌നത്തില്‍ ഉരസിനില്‍ക്കുന്ന യുഎസും ചൈനയും തമ്മിലുള്ള ബന്ധം ചിന്‍ വന്നതോടെ മെച്ചപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ നേതൃത്വത്തില്‍ ഉന്നതതല സംഘം ബെയ്ജിങ്ങിലെത്തി ചര്‍ച്ച നടത്തുകയും ചെയ്തു. പുതിയ വിദേശകാര്യമന്ത്രിയായ വാങ് യി ചിന്‍ ഗാങ്ങിന്റെ മുന്‍ഗാമിയാണ് (2013-22). ചൈനയില്‍ ഇത്തരം അപ്രത്യക്ഷമാകല്‍ പുതുമയല്ല. പാര്‍ട്ടിക്ക് അനഭിമതരാവുന്നവരും അഴിമതിക്കേസുകളില്‍ പെടുന്നവരും ഈ വേളയില്‍ ചോദ്യം ചെയ്യലിന് വിധേയരാകുന്നു എന്നാണ് വിവരം.