ഇന്ത്യക്ക് മുന്നറിയിപ്പുമായി ചൈന ; സേനയെ പിന്‍വലിച്ചില്ലെങ്കില്‍ നാണം കെടുമെന്ന്

ബീജിങ്: സിക്കിം അതിര്‍ത്തിയില്‍ സമാധാനം കൊണ്ടുവരാനുള്ള ഇന്ത്യയുടെ ശ്രമത്തിന് മുന്നില്‍ ചൈന വിലങ്ങുതടിയാവുന്നു.

ദോക് ലാമില്‍ നിന്ന് സേനയെ പിന്‍വലിച്ചില്ലെങ്കില്‍ ഇന്ത്യ നാണം കെടുമെന്നും സൈന്യത്തെ പിന്‍വലിക്കാതെ ഇന്ത്യയുമായി ഒരു തരത്തിലുള്ള ചര്‍ച്ചയും ആഗ്രഹിക്കുന്നില്ലെന്നും ചൈന അറിയിച്ചു.

ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഷിന്‍ഹുവയിലാണ് ഇന്ത്യയ്‌ക്കെതിരെയുള്ള പ്രസ്താവന.

‘ഇപ്പോഴത്തെ സംഭവങ്ങളില്‍ ഒരു തരത്തിലുള്ള ചര്‍ച്ചകള്‍ക്കുമില്ല. ദോക് ലാമില്‍ അതിര്‍ത്തി കടന്നെത്തിയ ഇന്ത്യന്‍ സൈന്യം നിര്‍ബന്ധമായും പിന്‍വാങ്ങണം. ഇത് ചൈനയുടെ അതിര്‍ത്തിയാണ്’ പ്രസ്താവനയില്‍ പറയുന്നു.

‘2013ലും 14ലും സമാനമായ രീതിയില്‍ ലഡാക്കില്‍ അതിര്‍ത്തി ലംഘിച്ച ഇന്ത്യ അത്തരമൊരു സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് കരുതരുത്. നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായാണ് അന്നത്തെ പ്രശ്‌നങ്ങള്‍ അവസാനിച്ചത്. ഇപ്പോള്‍ അതുണ്ടാകില്ല, ചൈന വ്യക്തമാക്കി. പാകിസ്താന്‍ ചൈനയുടെ ഉരുക്ക് സഹോദരനാണെന്നും ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കത്തെ ബന്ധപ്പെടുത്തി പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

Top