രാജ്യങ്ങള്‍ തമ്മില്‍ വര്‍ധിച്ചുവരുന്ന പിരിമുറുക്കത്തിനും ശക്തിപ്പെടുത്തലിനുമിടയില്‍, യുദ്ധവിമാനങ്ങള്‍ വിന്യസിച്ച് ചൈന. സംഘര്‍ഷം നിലനില്‍ക്കുന്ന അതിര്‍ത്തി മേഖലകളോടു ചേര്‍ന്നാണ് ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ യുദ്ധവിമാനങ്ങള്‍ 30-35 കിലോമീറ്റര്‍ ചുറ്റളവില്‍ പറന്നുയര്‍ന്നത്.
ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ ചൈനയുടെ 2 യുദ്ധവിമാനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പറന്നു. അതിര്‍ത്തിയോടു ചേര്‍ന്നുള്ള ഹതന്‍, ഗര്‍ഗുന്‍സ വ്യോമതാവളങ്ങളില്‍ ചൈനയുടെ 12 യുദ്ധവിമാനങ്ങള്‍ നിലയുറപ്പിച്ചിട്ടുണ്ട്. ജെ 11, ജെ 7 വിഭാഗത്തില്‍പ്പെട്ട യുദ്ധവിമാനങ്ങളാണവ. അതേസമയം, ചൈനയുടെ വ്യോമ നീക്കങ്ങള്‍ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് സേനാ വൃത്തങ്ങള്‍ പറഞ്ഞു.
ഇന്ത്യ അതിര്‍ത്തിയിലെ വ്യോമതാവളങ്ങളില്‍ സുഖോയ് 30 ഉള്‍പ്പെടെയുള്ള യുദ്ധവിമാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. സംഘര്‍ഷം നിലനില്‍ക്കുന്ന കിഴക്കന്‍ ലഡാക്കിലെ പാംഗോങ് ട്‌സോ തടാകം, ഗല്‍വാന്‍ താഴ്‌വര എന്നിവിടങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണവും നടത്തി.
ചൈനീസ് സൈന്യം 10-12 ഓളം യുദ്ധവിമാനങ്ങള്‍ ഇപ്പോള്‍ ഹതന്‍, ഗര്‍ഗുന്‍സ എന്നിവിടങ്ങളില്‍ വിന്യസിച്ചിട്ടുണ്ടെന്നും അവര്‍ ഇന്ത്യന്‍ പ്രദേശത്തിനടുത്തായി പറന്ന് നിരീക്ഷണം നടത്തുന്നുണ്ടെന്നുമാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹതന്‍, ഗര്‍ഗുന്‍സ എന്നിവിടങ്ങളിലെ രണ്ട് വ്യോമതാവളങ്ങള്‍ എല്‍എസിയില്‍ നിന്ന് 100-150 കിലോമീറ്റര്‍ അകലെയാണ്.
കിഴക്കന്‍ ലഡാക്കിലെ തര്‍ക്ക പ്രദേശങ്ങള്‍ക്ക് സമീപം പീരങ്കികളും യുദ്ധ വാഹനങ്ങളും ഉള്‍പ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങളുമായി ഇരു രാജ്യങ്ങളുടെയും സൈന്യം നീങ്ങിയതോടെ എല്‍എസിയിലെ പിരിമുറുക്കം വര്‍ധിച്ചു. ഇതിനിടെ, അതിര്‍ത്തിയിലെ താവളങ്ങളില്‍ ചൈന ആയുധബലം വര്‍ധിപ്പിക്കുന്നതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉയര്‍ന്ന പ്രദേശങ്ങളില്‍ ഉപയോഗിക്കാവുന്ന ടാങ്കുകള്‍, ഡ്രോണുകള്‍ എന്നിവയാണു അതിര്‍ത്തിയിലേക്കു ചൈന എത്തിച്ചത്.